ADVERTISEMENT

തിരുവല്ല∙ഓർമകളെപ്പോലും ത്രസിപ്പിക്കുന്ന ഓപ്പറേഷന്റെ ബ്ലൂസ്റ്റാർ വിജയകഥ പറയാൻ ഇനി ജോസ് പെരുന്തുരുത്തിയില്ല. കഴിഞ്ഞ ദിവസം അന്തരിച്ച പെരുന്തുരുത്തി കുന്നേൽ തൂമ്പുങ്കൽ കെ.ഇ.ജോസഫ് എന്ന ജോസ് പെരുന്തുരുത്തി ഓർമയാകുമ്പോൾ ഒപ്പം മറയുന്നത് അദ്ദേഹം സാക്ഷിയായ സൈനിക നടപടികളുടെ കഥകൾ കൂടിയാണ്. പഞ്ചാബ് അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ കാവൽ ഡ്യൂട്ടിയായിരുന്നു സിആർപിഎഫ് പ്ലറ്റൂൺ കമാൻഡറായിരുന്ന ജോസ് പെരുന്തുരുത്തി. സൈനിക നടപടിയിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും സംഭവങ്ങൾക്കു മുഴുവൻ സാക്ഷിയായിരുന്നു അദ്ദേഹം. 

ക്ഷേത്രത്തിന്റെ ഇരുമ്പുകവാടം മുറിച്ച് സൈന്യം അകത്തു കടന്നതു മുതൽ ഓരോ നിമിഷവും അദ്ദേഹം എന്നും ഓർത്തിരുന്നു. ക്ഷേത്രക്കുളത്തിനടുത്തും മറ്റും ആയുധങ്ങൾ ഒളിപ്പിച്ചതു കണ്ടെടുത്തതും ഗുരുദ്വാരയ്‌ക്കു നൂറിലേറെ ഭാഗങ്ങളിൽ വെടിയേറ്റതും അടക്കം ഓരോ നിമിഷവും അദ്ദേഹത്തിന്റെ ഓർമകളിൽ മിഴിവോടെ നിന്നു. സൈനിക നടപടിക്കുശേഷം ഇന്ദിരാഗാന്ധിയടക്കം എത്തിയതും അഭിമാനത്തോടെ അദ്ദഹം പങ്കുവച്ചിരുന്നു. 

ജാലിയൻവാലാബാഗിൽ 1982–86 കാലത്തായിരുന്നു അദ്ദേഹത്തിന്റെ സേവനം. 1994ൽ വിരമിച്ചു. 1960ൽ കോൺസ്‌റ്റബിളായാണു ജോലി തുടങ്ങിയത്. കേരള മുൻ ഗവർണർ ആർ.എൽ. ഭാട്യയുടെ സുരക്ഷാചുമതലയിലും കുറെക്കാലം ഉണ്ടായിരുന്നു. ഭാട്യ പഞ്ചാബ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും എംപിയും ആയിരിക്കുമ്പോഴായിരുന്നു ഇത്. ഓപ്പറേഷൻ ബ്ലൂസ്‌റ്റാറിനു ശേഷം ഭാട്യയ്‌ക്കു നേരെ തീവ്രവാദി ആക്രമണമുണ്ടായി. 

ഒരു വെടി ഭാട്യയുടെ ചെവിക്കു മുകളിലൂടെ പോയി. മുറിക്കുള്ളിൽ കയറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. തുടർന്നു കേരള ഗവർണറായിരിക്കുമ്പോൾ തിരുവല്ലയിലെ ചടങ്ങിലെത്തിയ അദ്ദേഹത്തെ നേരിൽക്കണ്ടു പഴയ സംഭവത്തിന്റെ ചിത്രങ്ങളും ജോസ് കാട്ടിക്കൊടുത്തിരുന്നു. തിരുവല്ലയിലെ പല സാംസ്കാരിക സംഘനകളിലും അംഗമായ ഇദ്ദേഹം ജോസ് പെരുന്തുരുത്തി എന്ന പേരിൽ കഥകളും കവിതകളും എഴുതാറുണ്ടായിരുന്നു.

English Summary:

This article commemorates the life of Jos Perunthuruthy, a CRPF officer who witnessed Operation Blue Star firsthand while guarding the Golden Temple in Amritsar. The article details his vivid memories of the event and its aftermath, including Indira Gandhi's visit and a terrorist attack on R.L. Bhatia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com