ADVERTISEMENT

കൊടുമൺ ∙ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ദീപാശിഖാ പ്രയാണത്തോടെ തുടക്കം കുറിച്ച കായിക മേള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച കായിക താരങ്ങൾ നാടിന്റെ അഭിമാനമാണെന്നും ആ രംഗത്ത് വേണ്ടത്ര പ്രോത്സാഹനം കൊടുക്കാൻ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിൽ സ്ഥിരം പവിലിയൻ നിർമിക്കും. നിലവിൽ കായിക മേളകൾ നടക്കുമ്പോൾ താൽക്കാലികമായ പന്തൽ നിർമിച്ചാണ് കാണികൾ ഇരിക്കുന്നത്. 

ഇതു കായികപ്രേമികൾക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവിലിയൻ നിർമിക്കാൻ നടപടി സ്വീകരിക്കുന്നത്.  ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഓരോ കോടി രൂപ വീതം അനുവദിച്ച് പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആർ.അനില, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, സി. പ്രകാശ്, എ. വിജയൻ നായർ, എ.ജി.ശ്രീകുമാർ, വി.ആർ.ജിതേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 24ന് 4ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മാന വിതരണം നടത്തും. 

നിറം കെടുത്തി പോരായ്മകളും 
ആംബുലൻസ് സൗകര്യമില്ലാത്തതും മെഡിക്കൽ ടീമിന്റെ കുറവും മേളയുടെ നിറം കെടുത്തുന്ന ഘടകങ്ങളായി. ഇന്നലെ വൈകിട്ട് മത്സരത്തിനിടയിൽ മറിഞ്ഞു വീണ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒട്ടേറെ വിദ്യാർഥികളും കാഴ്ചക്കാരും പങ്കെടുക്കുന്ന മേളയായിട്ടും സ്റ്റേഡിയത്തിൽ എല്ലാവർക്കും ഇരിക്കാനുള്ള സൗകര്യമില്ലായിരുന്നു. കനത്ത വെയിലായതിനാൽ വിശ്രമിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് കാണികളെയും മത്സരാർഥികളെയും ക്ഷീണിതരാക്കി.  

ഹാട്രിക് തിളക്കത്തിൽ ദേവനന്ദ
ഷോട്പുട്ട് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഹാട്രിക് തികച്ച് എസ്. ദേവനന്ദ.  കുറിയന്നൂർ എംടിഎച്ച്എസിലെ 9ാം ക്ലാസ് വിദ്യാർഥിയാണ്. 20 കിലോമീറ്റർ ദിവസേന സഞ്ചരിച്ചാണ് ദേവനന്ദ പരിശീലനത്തിന് എത്തുന്നത്.മൈതാനത്തു യഥാസമയം എത്തുന്നതിന് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിൽ  അമ്മയോടൊപ്പമാണ് പരിശീലനത്തിന് വരുന്നത്. മനോരമ പത്രം ഏജന്റായ ബിജുവും മകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

സമ്മാന വിതരണം ഒളിംപിക് മാതൃകയിൽ 
ഒളിംപിക്സ് മാതൃകയിലുള്ള സമ്മാന വിതരണം ഇത്തവണത്തെ കായികമേളയ്ക്ക് മാറ്റുകൂട്ടി. പൂക്കളാൽ അലങ്കരിച്ച കിരീടവും പൂച്ചെണ്ടും ആദ്യ 3 സ്ഥാനക്കാർക്ക് നൽകിയപ്പോൾ പവിലിയനിൽ നിന്ന് കരഘോഷം ഉയർന്നു.മേളയുടെ ഉദ്യോഗസ്ഥർക്കെല്ലാം ജഴ്‌സി നൽകിയതും പ്രത്യേകതയായി. ദീപശിഖ പ്രയാണം സമാപിച്ചപ്പോൾ കായിക താരങ്ങൾ പ്രതിജ്ഞ ഏറ്റുചൊല്ലി.

ജയം പ്രിയപ്പെട്ട ഗുരുവിനായി
സബ്ജൂനിയർ ഷോട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷം കെ.എസ്.ഹർഷയുടെ മനസ്സിൽ നിറഞ്ഞത് തന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും അയൽവാസിയുമായിരുന്ന തോമസ് ജോസഫിന്റെ മുഖമാണ്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തനിക്കു ലഭിച്ച ആദ്യ ജയം സാറിനായി സമർപ്പിക്കുകയാണ് ഈ 8ാം ക്ലാസുകാരി. കഴിഞ്ഞ ഓഗസ്റ്റിലാണ് പള്ളിയോടത്തിൽ നിന്ന് വീണ് എംടിഎച്ച്എസ് കുറിയന്നൂരിലെ അധ്യാപകനായിരുന്ന തോമസ് ജോസഫ് മരണപ്പെട്ടത്.

ഹർഷയെ സ്കൂളിലേക്കു കൊണ്ടു വന്നതും സ്പോർട്സിൽ എല്ലാ പിന്തുണയും നൽകുകയും ചെയ്തിരുന്നതും തികഞ്ഞ കായിക പ്രേമിയായ തോമസ് ജോസഫായിരുന്നു. പ്രിയപ്പെട്ട സാറിനായി മെഡൽ നേടുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഹർഷ കായികമേളയ്ക്കെത്തിയത്.600 മീറ്ററിലും ഡിസ്കസ് ത്രോയിലും ഹർഷ മത്സരിക്കുന്നുണ്ട്.  വടംവലിയിൽ ദേശീയ താരമായ ഹർഷ ബാസ്കറ്റ് ബോളിലും ടെന്നികോയ്റ്റിലും നെറ്റ് ബോളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

പതിവ് തെറ്റിക്കാതെ അനുജിത്ത്
കഴിഞ്ഞ മേളയിലെ വ്യക്തിഗത ചാംപ്യൻമാരിൽ ഒരാളായ അനുജിത്ത് ഓമനക്കുട്ടൻ ഇക്കുറിയും തുടക്കം ഗംഭീരമാക്കി. കായികോത്സവത്തിന്റെ ആദ്യ ഇനങ്ങളിൽ ഉൾപ്പെട്ട 1500 മീറ്റർ ഓട്ടത്തിൽ (സീനിയർ ബോയ്സ്) ഒന്നാമനായി. ആറടി രണ്ടിഞ്ചുകാരനായ അനുജിത്ത് 3000 മീറ്റർ, 800 മീറ്റർ, 4X400 റിലേ മത്സരങ്ങളിലും മാറ്റുരയ്ക്കുന്നുണ്ട്. കാവുംഭാഗം ദേവസ്വം ബോർഡ്‌ സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. ക്ഷീരകർഷകനായ പായിപ്പാട് ആഞ്ഞിലിത്താനം ശിവാലയത്തിൽ ഓമനക്കുട്ടന്റെയും ആശയുടെയും മകനാണ്.

വെൽഡൺ തംബുരു
ശ്രുതിവാദ്യങ്ങളിൽ പ്രധാനിയാണ് തംബുരു. എന്നാൽ, ഇതേ പേരുള്ള പെൺകുട്ടി  ട്രാക്കിൽ കുതിച്ചു പാഞ്ഞതിനും കായികമേള സാക്ഷ്യം വഹിച്ചു. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ വേഗപ്പോരാട്ടത്തിലാണ് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ തംബുരു എന്ന 9ാം ക്ലാസുകാരി ഒന്നാമത് എത്തിയത്. ലോട്ടറി വിൽപനക്കാരായ പത്മകുമാറിന്റെയും ബേബിയുടെയും മകളാണ്. സ്കൂളിൽ നിന്ന് അടുത്തിടെ വിരമിക്കുന്ന പ്രഥമാധ്യാപിക ശാന്തി സാമുവലിനാണ് തന്റെ വിജയം തംബുരു സമർപ്പിച്ചത്.

വേഗറാണിയായി അമാനിക
ജില്ലയിലെ കൗമാരക്കാരിൽ വേഗമേറിയ താരമായി അടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറിയിൽ പ്ലസ്ടു വിദ്യാർഥിനിയായ എച്ച്. അമാനിക. 100 മീറ്റർ സീനിയർ ഓട്ടത്തിൽ മത്സരിച്ച ബാക്കി 4 പേരെയും 10 മീറ്റർ പിന്നിലാക്കിയാണ് അനാമിക ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ നാഷനൽ ലെവൽ മത്സരത്തിൽ അണ്ടർ 19 വിഭാഗം റിലേയിൽ കേരളത്തിന് വേണ്ടി ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന തലത്തിൽ ലോങ്ജംപ്, 100 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി. 27ന് ഭുവനേശ്വറിൽ നടക്കുന്ന നാഷനൽ ജൂനിയർ ചാംപ്യൻ പങ്കെടുക്കാൻ പോകേണ്ടതിനാൽ അമാനിക ഇന്നലെ തന്നെ 200 മീറ്റർ മത്സരവും പൂർത്തിയാക്കിയെങ്കിലും, ഭുവനേശ്വറിലെ മോശം കാലാവസ്ഥ മൂലം യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജില്ലാ ജൂനിയർ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലും മികച്ച പ്രകടനമാണ് അമാനിക കാഴ്ചവച്ചത്. അണ്ടർ 18 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അമാനികയ്ക്കായിരുന്നു ഒന്നാം സ്ഥാനം. സ്കൂളിലെ കായിക അധ്യാപിക സിമി മറിയം ജോസ്, ബേസിക് അത്‌ലറ്റിക്സ് ക്ലബ്ബിലെ റിജുൻ മാത്യു ഏബ്രഹാം എന്നിവരാണ് പരിശീലകർ.

ജംപിങ് ട്വിൻസ്
‘നല്ല ജംപ് കൊടുക്ക് ഈസിയായി ചാടാം’ റവന്യു ജില്ലാ കായികമേളയിൽ ജൂനിയർ ഹൈജംപിലാണു പരസ്പരം പ്രോൽസാഹിപ്പിക്കുന്ന 2 മത്സരാർഥികളെ  കാണികൾ കൗതുകത്തോടെ നോക്കി നിന്നത്. മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയ ഇവർ ഇരട്ടകളാണെന്നുകൂടി അറിഞ്ഞതോടെ കൗതുകം കൂടി.  പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ.അൻവർ ഷായും എ.അൻസർഷായുമാണ് ശ്രദ്ധാകേന്ദ്രമായത്.  അൻവർ ഷായാണ് ഒന്നാം സ്ഥാനം നേടിയത്.  വലഞ്ചുഴി ഇടുവക്കമേലേതിൽ കെ.അൻസാരിയുടെയും നിഷാ അൻസാരിയുടെയും മക്കളാണ് ഇവർ. 

English Summary:

The Kodumon district school athletics meet at EMS Stadium showcased the spirit and talent of young athletes. Deputy Speaker Chittayam Gopakumar inaugurated the event, highlighting government support for sports. Despite shortcomings like lack of ambulance facilities, athletes shone brightly. Devangana's hat-trick in shot put, Harsha's dedication to her late teacher, Anujith's continued success, Weldon's impressive speed, Amanika's dominance, and the twin high jumpers captivated the audience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com