ADVERTISEMENT

ശബരിമല ∙ ശബരിമല തീർഥാടകർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. തീർഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കം ചർച്ച ചെയ്യാൻ പമ്പയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭക്ഷ്യസാധനങ്ങളുടെ വില വിവിധ ഭാഷകളിൽ കടകളിൽ പ്രദർശിപ്പിക്കണം. ശുദ്ധജല ലഭ്യത ഉറപ്പാക്കണം. തീർഥാടകർ എത്തുന്ന വഴികളിലുള്ള റേഷൻകടകൾ, സപ്ലൈകോ സ്റ്റോറുകൾ, കലക്ടർ നിശ്ചയിക്കുന്ന മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ 10 രൂപ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കണം. പമ്പയിലും പരിസരപ്രദേശങ്ങളിലും സപ്ലൈകോ മൊബൈൽ യൂണിറ്റ് വഴി ഭക്ഷ്യസാധനങ്ങളും ശുദ്ധജലവും ലഭ്യമാക്കണം.

ശബരിമല പാതയിലുള്ള സുഭിക്ഷാ ഹോട്ടലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കലക്ടർ എസ്.പ്രേം കൃഷ്ണൻ അധ്യക്ഷനായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ മുകുന്ദ് താക്കൂർ, കൺട്രോളർ ഓഫ് റേഷനിങ് കെ.അജിത് കുമാർ, കോട്ടയം എഡിഎം ബീന പി.ആനന്ദ്, ഇടുക്കി എഡിഎം ഷൈജു ജേക്കബ്, ഡപ്യൂട്ടി റേഷനിങ് കൺട്രോളർ സി.വി.മോഹൻകുമാർ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൽ ഖാദർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ സി.ആർ.രൺദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഉപയോഗശൂന്യമായ അരവണ നീക്കിയില്ല
ശബരിമല ∙ സന്നിധാനത്തു നിന്ന് ഉപയോഗശൂന്യമായ അരവണ നീക്കുന്നതു വൈകുന്നു. ഒരു മാസത്തിനുള്ളിൽ ഇതു നീക്കണമെന്ന നിർദേശത്തോടെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിക്കു ടെൻഡർ നൽകിയത്. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും അരവണ സന്നിധാനത്തു നിന്നു നീക്കാനായില്ല. ഏലയ്ക്കയിൽ കീടനാശിനി അംശമുണ്ടെന്ന പരാതിയെ തുടർന്നു വിൽപന തടഞ്ഞ 6.65 കോടി രൂപ വില വരുന്ന അരവണയാണ് കെട്ടിക്കിടക്കുന്നത്. സൂക്ഷിക്കാൻ തുടങ്ങി 2 വർഷമായതോടെ അരവണയിലെ ശർക്കര പുളിച്ചു പൊങ്ങിയിട്ടുണ്ട്. ഡപ്പികൾ പൊട്ടിയൊലിക്കുന്ന നിലയിലാണ്.

English Summary:

Minister G.R. Anil assures quality food at affordable prices for Sabarimala pilgrims. Meanwhile, the removal of unused Aravana from Sannidhanam faces delays despite awarding a tender.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com