ജോലി ചെയ്യാൻ വാഹനമില്ലാതെ മോട്ടർ വാഹന വകുപ്പ്
Mail This Article
തിരുവല്ല ∙ ജോലി ചെയ്യാൻ വാഹനമില്ലാതെ മോട്ടർ വാഹന വകുപ്പ്. തിരുവല്ല ജോയിന്റ് ആർടി ഓഫിസാണ് വാഹനമില്ലാതെ ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നത്. നിലവിലുണ്ടായിരുന്ന ഒരു വാഹനം 15 വർഷം കഴിഞ്ഞതിനാൽ ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഈ അവസ്ഥ. ജോയിന്റ് ആർടിഒയ്ക്കു പുറമേ 2 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 3 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമുള്ള ഓഫിസിൽ ഓരോ ദിവസത്തെയും ആവശ്യത്തിന് സ്വന്തം വാഹനമാണ് ഇവർ ഉപയോഗിക്കുന്നത്.
താലൂക്കിലെ വാഹന പരിശോധന കേന്ദ്രം പുളിക്കീഴിലാണ്. 6 കിലോമീറ്റർ അകലെയുള്ള ഇവിടെയാണ് ഡ്രൈവിങ് ടെസ്റ്റ്. ആഴ്ചയിൽ 3 ദിവസം ഉദ്യോഗസ്ഥർ എത്തണം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, അപകടമുണ്ടായാൽ അവിടെയെത്തി പരിശോധന, പതിവായുള്ള വാഹന പരിശോധന തുടങ്ങിയവയ്ക്കെല്ലാം വാഹനം ഉണ്ടെങ്കിൽ മാത്രമേ പോകാൻ കഴിയുകയുള്ളു.
ജോയിന്റ് ആർടി ഓഫിസിനോടു ചേർന്നാണ് എൻഫോഴ്സ്മെന്റ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്. അത്യാവശ്യം വരുമ്പോൾ ഇവിടത്തെ വാഹനം ഉപയോഗിക്കാറുണ്ട്. എൻഫോഴ്സ്മെന്റ് ആർടിയുടെ ജില്ലാ ഓഫിസിന് 6 വാഹനമുള്ളതിൽ ഒരു ഇലക്ട്രിക് വാഹനം ഒരു വർഷമായും ഒരെണ്ണം 6 മാസമായും വർക്‌ഷോപ്പിലാണ്.ജോലി ചെയ്യാൻ വാഹനമില്ലാതായതോടെ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ജോലികളെല്ലാം വളരെ പ്രയാസപ്പെട്ടാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.