പരാതി മാത്രമല്ല, സങ്കടവും കേൾക്കും ഇനി പൊലീസ് സ്റ്റേഷനിൽ
Mail This Article
തിരുവല്ല∙ കുടുംബശ്രീ ജില്ലാ മിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്കും ജനമൈത്രി പൊലീസും ചേർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൗൺസലിങ് സെന്റർ തുടങ്ങി. പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കുടുംബ പ്രശ്‌നങ്ങളിൽ കൗൺസലിങ്, മാനസിക പിന്തുണ എന്നിവ നൽകി കുടുംബ ബന്ധങ്ങളെ ദൃഢമുള്ളതാക്കാനും കുട്ടികളുടെയും യുവാക്കളുടെയും ഇതര പ്രശ്‌നങ്ങളിൽ ആവശ്യമായ പിന്തുണ നൽകാനും സാധ്യമാകുന്നു.
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവർക്കു സൗജന്യ കൗൺസലിങ്, നിയമ പിന്തുണ, ബോധവൽക്കരണ ക്ലാസുകൾ , അതിജീവന സഹായങ്ങൾ, താൽക്കാലിക അഭയം, പുനരധിവാസ സേവനങ്ങൾ എന്നിവയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജെൻഡർ ഹെൽപ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്.തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഈസ്റ്റ് സിഡിഎസ് അധ്യക്ഷ ഉഷ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ ഷീല വർഗീസ് ,സിഡി എസ് മെംബർ സെക്രട്ടറിമാരായ ഉമേഷിത, രേഖ എന്നിവർ പ്രസംഗിച്ചു.