പഠനത്തിന് ‘ബ്ലോക്കില്ല’; തുല്യതാ പരീക്ഷയെഴുതി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Mail This Article
റാന്നി ∙ ജീവിത സാഹചര്യങ്ങൾ മൂലം പാതിവഴിയിൽ നിർത്തേണ്ടിവന്ന പഠനം തുല്യത പരീക്ഷയെഴുതി പൂർത്തിയാക്കുകയാണ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി. ബുധനാഴ്ച റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിലാണ് അദ്ദേഹം 10ാം ക്ലാസ് തുല്യതപരീക്ഷകളെഴുതിയത്.
കൂനംകര കുളത്തിൻനിരവേൽ കെ.എസ്.ഗോപി (56) പെരുനാട് ഡിവിഷനിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചാണ് ബ്ലോക്ക് പഞ്ചായത്തംഗവും തുടർന്ന് പ്രസിഡന്റുമായത്. 9 വരെ പഠിച്ച അദ്ദേഹം ടാപ്പിങ് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറായി. അദ്ദേഹത്തിന്റെ മകനും മകളും ബിരുദധാരികളാണ്. പാതിവഴിയിൽ പഠനം നിലച്ച പലരും തുല്യത പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാൻ ബ്ലോക്ക് സാക്ഷരത കേന്ദ്രത്തിലെത്തിയപ്പോഴാണ് തുല്യത പരീക്ഷയെഴുതണമെന്ന മോഹം ഗോപിക്കുമുണ്ടായത്.
തുടർന്ന് പേര് റജിസ്റ്റർ ചെയ്തു. തുല്യത പഠന കേന്ദ്രത്തിൽ ഞായറാഴ്ച നടക്കുന്ന ക്ലാസുകൾക്ക് അദ്ദേഹം എത്തിയിരുന്നു. തുടർന്നാണ് പരീക്ഷയെഴുതിയത്. ഐടി ഉൾപ്പെടെ 9 വിഷയങ്ങൾക്കായിരുന്നു പരീക്ഷ. ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷ വിജയിച്ചു പ്രസിഡന്റായ അദ്ദേഹം തുല്യത പരീക്ഷയിലും വിജയം ആവർത്തിക്കുമെന്ന ഉറപ്പിലാണ്.