ശരീരം പഠനത്തിനായി സമർപ്പിച്ച് 123 പേർ
Mail This Article
അടൂർ∙ മരണ ശേഷം തങ്ങളുടെ ശരീരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടു കൊടുക്കാൻ മനസ്സു കാട്ടി അടൂരിൽ പ്രമുഖർ ഉൾപ്പെടെ 123 പേർ രംഗത്തെത്തി. ഇതിൽ അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, മുൻ നഗരസഭാ അധ്യക്ഷൻമാരായ ബാബു ദിവാകരൻ, ഡി.സജി, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏഴംകുളം പഞ്ചായത്ത് അംഗം ബാബു ജോൺ, അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ, ഏരിയ സെക്രട്ടറി എസ്.മനോജ്, എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം ആർ.ജയൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി.നിസാം, ഭാര്യ നജ്മ നിസാം ഉൾപ്പെടെ 123 പേരാണ് മരണ ശേഷം മൃതശരീരം മെഡിക്കൽ കോളജുകൾക്ക് വിട്ടു കൊടുക്കാൻ സമ്മതം അറിയിച്ചത്.
അടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്തകരുടെ സംഘടനയായ ദി റാഷണൽസ് സയൻസ് ഫോറമാണ് ഇതിനുള്ള വഴിയൊരുക്കിയത്. ഇന്നലെ ഈ സംഘടന അടൂരിൽ നടത്തിയ ചടങ്ങിൽ മന്ത്രി വീണാ ജോർജ് സമ്മതപത്രം ഏറ്റുവാങ്ങി. ഇവരുടെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മരണം ശേഷം തങ്ങളുടെ ശരീരം, വൈദ്യപഠനത്തിനായി മുന്നിട്ടിറങ്ങിയ ഒരുപാട് വിദ്യാർഥികൾക്ക് ഉപകരിക്കുമെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും എന്ന ചിന്തയാണ് ഇത്തരത്തിലേക്കു മനസ്സിനെ കൊണ്ടെത്തിച്ചതെന്ന് സമ്മതപത്രം നൽകിയവർ പറഞ്ഞു. പത്തനംതിട്ടയിൽ ജില്ലയിൽ നിന്നുള്ളവർ കൂടാതെ ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ളവരും സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. ചടങ്ങിൽ സംഘടന പ്രസിഡന്റ് എം.ബിജു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ബി.ഹർഷകുമാർ, സെക്രട്ടറി അനിൽ സി.പള്ളിക്കൽ, വി.കെ.സുരേഷ് ബാബു, കെ.സിന്ധു, ബിജു സാമുവൽ, എസ്.അജീഷ് എന്നിവർ പ്രസംഗിച്ചു.