ADVERTISEMENT

മണിയാർ ∙ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) ജല സംഭരണിയായ മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ. ഷട്ടറുകൾ യഥാസമയം തുറക്കാൻ കഴിയാതിരുന്നതു മൂലമാണ് സംഭവം. ശനിയാഴ്ച വൈകിട്ട് 5നാണ് മണിയാർ അണക്കെട്ടിന്റെ ജലസംഭരണിയിൽ പെട്ടെന്നു ജലനിരപ്പ് ഉയരുകയും 5 ഷട്ടറുകൾക്കു മുകളിലൂടെ ഏകദേശം ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം കവിഞ്ഞൊഴുകിയതും. പകൽ പെയ്ത കനത്ത മഴയിൽ കക്കാട്ടാറ്റിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ശക്തമായ നീരൊഴുക്കായിരുന്നു. 

ഏകദേശം രണ്ടര കിലോമീറ്റർ മുകളിലായുള്ള കാരിക്കയത്തെ സ്വകാര്യ ജല വൈദ്യുത പദ്ധതിയുടെ സംഭരണിയിൽനിന്ന് ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിൽ ഷട്ടറുകൾക്കു തകരാർ സംഭവിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഷട്ടറുകൾ തുറക്കുന്നത് മണിയാറിലെ ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയോ എന്ന കാര്യത്തിൽ പരിശോധന നടത്തണമെന്നും ആവശ്യമുണ്ട്. സാധാരണ സ്വകാര്യ ജല വൈദ്യുത പദ്ധതിയിലെ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി മണിയാർ അണക്കെട്ടിലുള്ള ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകുകയും വെള്ളം എത്തുന്നതിനു മുന്നോടിയായി ഷട്ടറുകൾ ഉയർത്തി ജല നിരപ്പ് ക്രമീകരിക്കുകയും ചെയ്യുകയാണ് പതിവ്. ശനിയാഴ്ച സന്ദേശം ലഭിച്ച് ഷട്ടറുകൾ ഉയർത്താൻ ശ്രമിക്കുമ്പോൾതന്നെ വെള്ളം കവിഞ്ഞൊഴുകി. 

ഷട്ടറുകൾ ഉയർത്തുന്ന യന്ത്രോപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന (ഹോസ്റ്റിങ് പ്ലാറ്റ്ഫോം) മുകൾതട്ടിലെ ഷീറ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാനും കാലതാമസം വന്നു. ഈ സമയം താൽക്കാലിക ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഷീറ്റുകൾ ഇളകിക്കിടക്കുന്ന മുകൾതട്ടിലൂടെ ഏറെ സാഹസികമായി നടന്നാണ് അവർ ഒരു ഷട്ടർ ഉയർത്തിയത്. ശനിയാഴ്ച രാത്രി വൈകി എല്ലാ ഷട്ടറുകളും ഉയർത്തിയതോടെയാണ് ജലനിരപ്പ് താഴുകയും ആശങ്ക മാറിയതും. അതേസമയം, മണിയാർ പവർഹൗസിലും അണക്കെട്ടിലും കൃത്യമായി അറിയിച്ച ശേഷമാണ് ഷട്ടർ തുറന്നതെന്ന് സ്വകാര്യ ജല വൈദ്യുതപദ്ധതി അധിക‍ൃതർ അറിയിച്ചു.

ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മണിയാർ ബാരേജിലെ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തുമെന്നും കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ നിർദേശം നൽകി.മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളിലുള്ളവർ പുഴയിൽ ഇറങ്ങരുതെന്നും കലക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു. 

ജില്ലയിൽ പെയ്തത്  കനത്ത മഴ; ഓറഞ്ച് അലർട്ട്  ശനി രാത്രി മാത്രം
ശനിയും ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണു പെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനത്ത മഴ പെയ്തപ്പോഴും ജില്ലയിൽ യെലോ അലർട്ട് മാത്രമാണു പ്രഖ്യാപിച്ചിരുന്നത്.വൈകിട്ട് മണിയാർ ഡാം കവിഞ്ഞൊഴുകിയ ശേഷം ശനി രാത്രി 7നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ശനിയാഴ്ച വൈകിട്ട് 4 മുതൽ 5 വരെ ഒരു മണിക്കൂറിനുള്ളിൽ ളാഹയിൽ പെയ്തത് 100 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത് കൂടുതൽ മഴ പെയ്ത 5 കാലാവസ്ഥാ സ്റ്റേഷനുകളിൽ 4 എണ്ണവും ജില്ലയിലാണ്.ഇന്നലെ വൈകിട്ട് ഏനാദിമംഗലത്ത് അരമണിക്കൂറിനുള്ളിൽ 42 മില്ലിമീറ്ററും വള്ളിക്കോട് 37 മില്ലിമീറ്ററും പത്തനംതിട്ട നഗരത്തിൽ 24 മില്ലിമീറ്ററും മഴ പെയ്തു. 

English Summary:

A potentially disastrous situation unfolded as the Maniyar Dam in Kerala overflowed following heavy rainfall. Delays in communication and technical difficulties hindered timely shutter operation. The incident raises concerns about dam safety protocols and preparedness for extreme weather events. While disaster was averted, authorities urge vigilance as heavy rains continue and an orange alert remains in effect.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com