ജണ്ടായിക്കൽ–അത്തിക്കയം റോഡ് നിർമാണം: അപാകതകൾ പരിഹരിച്ച് 3 മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം
Mail This Article
വലിയകുളം ∙ ജണ്ടായിക്കൽ–അത്തിക്കയം റോഡ് പണികളിലെ അപാകതകൾ പരിഹരിച്ച് 3 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് പിഡബ്ല്യുഡി ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ നിർദേശിച്ചു. റോഡ് സന്ദർശിച്ച ശേഷം കരാറുകാരനെ വിളിച്ചുവരുത്തിയാണ് അദ്ദേഹം കർശന നിർദേശം നൽകിയത്.4 കോടി രൂപ ചെലവഴിച്ചാണ് ജണ്ടായിക്കൽ-അത്തിക്കയം റോഡ് പുനരുദ്ധരിച്ചത്. ഗുണനിലവാരം ഉറപ്പു വരുത്താതെ പണി നടത്തിയതു മൂലം റോഡിന്റെ പല ഭാഗങ്ങളും ഇളകി സഞ്ചാരയോഗ്യമല്ലാതായി. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി വിഭാഗം റോഡ് സന്ദർശിച്ച് സാംപിൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു.
നാശം നേരിട്ട ഭാഗങ്ങൾ പൊളിച്ചുമാറ്റി പുനരുദ്ധരിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പിന്നീട് ഉത്തരവിട്ടു. റീടാറിങ് നടത്തുന്നതിന് ഇളകിയ ഭാഗം പൊളിച്ചു മാറ്റിയെങ്കിലും നിർമാണം പൂർത്തിയാക്കാൻ വൈകി. ഇതുമൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പ്രമോദ് നാരായൺ എംഎൽഎ മന്ത്രിയുടെയും ചീഫ് എൻജിനീയറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ചീഫ് എൻജിനീയർ നേരിട്ട് സ്ഥല പരിശോധന നടത്തിയത്. റോഡിന്റെ ലെവൽസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലെടുത്ത് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് (സിടിഇ) കൈമാറും. സിടിഇയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കും.
റോഡ് നന്നാക്കുന്നതു കൊള്ളാം;പൈപ്പ് പൊട്ടിച്ചത് ആര് നന്നാക്കും ?
റോഡ് പണിത് പണിത് പൈപ്പുകൾ പൊട്ടിച്ച് കുളമാക്കി. ഗാർഹിക കണക്‌ഷനുകൾ തുടരെ പൊട്ടുന്നതിൽ ജനരോഷം ശക്തം. ജണ്ടായിക്കൽ–അത്തിക്കയം റോഡിലെ സ്ഥിതിയാണിത്. ടാറിങ് നടത്തി ദിവസങ്ങൾക്കകം തകർന്ന റോഡാണിത്. നശിച്ച ഭാഗം റീടാറിങ് നടത്തുന്നതിന് മണ്ണുമാന്തി ഉപയോഗിച്ച് നിലവിലെ ടാറിങ് പൊളിച്ചു നീക്കുകയാണ്. ഇത്തരത്തിൽ പണി നടത്തിയപ്പോൾ വീടുകളിലേക്കു നൽകിയിരുന്ന പൈപ്പ് കണക്‌ഷനുകളധികവും പൊട്ടിയിരുന്നു. ഉപഭോക്താക്കൾ തന്നെ അവ നന്നാക്കി.
പിന്നാലെ മണ്ണുമാന്തി ഉപയോഗിച്ചു പണിതപ്പോൾ വീണ്ടും പൈപ്പുകൾ പൊട്ടി. ഇനി തങ്ങളുടെ ചെലവിൽ നന്നാക്കാൻ പറ്റില്ലെന്നാണ് ഉപഭോക്താക്കളുടെ നിലപാട്. പൈപ്പുകളുടെ കുഴപ്പം പിഡബ്ല്യുഡി പരിഹരിക്കണമെന്നാണ് ജല അതോറിറ്റി അധികൃതർ നിർദേശിക്കുന്നത്. റോഡും പൈപ്പുകളും ഒരുപോലെ നശിപ്പിച്ചതിൽ ജനം പ്രതിഷേധത്തിലാണ്.