അടൂർ കെഎസ്ആർടിസി ഡിപ്പോ; ഈ സീസണിലെങ്കിലും ലഭിക്കുമോ ശാപമോക്ഷം
Mail This Article
അടൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ തകർന്നു കിടക്കുന്ന യാഡ് പൂർണമായും കോൺക്രീറ്റ് ചെയ്യുമെന്നും ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഈ ശബരിമല തീർഥാടനം തുടങ്ങുന്നതിനു മുൻപു പോലും ഒന്നു കോൺക്രീറ്റ് ചെയ്യാനോ കൂടുതൽ ഡ്രൈവർമാരെ നിയമിക്കാനോ അധികൃതർക്കായില്ല. 3 വർഷം മുൻപ് ഡിപ്പോ സന്ദർശിച്ച അന്നത്തെ മന്ത്രി ആന്റണി രാജുവും മറ്റു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഡിപ്പോയിലെ തകർന്നു കിടക്കുന്ന യാഡ് കോൺക്രീറ്റ് ചെയ്യുമെന്നും ജീവനക്കാരുടെ കുറവു പരിഹരിക്കുമെന്നും പറഞ്ഞിരുന്നതാണ്.
യാഡ് കോൺക്രീറ്റ്, ആധുനിക രീതിയിലുള്ള കെട്ടിടം നിർമാണം, ചുറ്റുമതിൽ തുടങ്ങിയ പണികളാണ് നീണ്ടു പോകുന്നത്. ഇതിന്റെയെല്ലാം എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും അനുമതി ലഭിക്കാത്തതാണ് നിർമാണം തുടങ്ങാൻ കഴിയാത്തതെന്നാണു പറയുന്നത്. യാഡ് കുഴിയായി കിടക്കുന്നതിനാൽ മഴ സമയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നു എന്നു മാത്രമല്ല ബസുകൾക്ക് തകരാറുകൾ സംഭവിക്കുന്നതിനും ഇടവരുത്തുന്നു. എന്നിട്ടും നിർമാണം തുടങ്ങുന്ന കാര്യത്തിൽ ഒരനക്കവുമില്ല.
മഴ സമയത്താണ് ഏറെ ദുരിതം. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദേഹത്ത് വെള്ളം തെറിക്കുന്നതുൾപ്പെടെയുള്ള പ്രയാസങ്ങൾ ഡിപ്പോയിൽ എത്തുന്ന യാത്രക്കാർ നേരിടേണ്ടി വരുന്നു.ഡ്രൈവർമാരുടെ കുറവു പരിഹരിക്കുന്ന കാര്യത്തിലും നടപടി വൈകുകയാണ്. ഇപ്പോൾ ഇവിടെ 7 ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. ഇതിനാൽ ചില ദിവസങ്ങളിൽ ഷെഡ്യൂളുകൾ റദ്ദാക്കേണ്ടി വരുന്നു. കൂടാതെ നിർത്തിവച്ചിരുന്ന പഴയ സർവീസുകളായ ശാസ്താംകോട്ട, തേപ്പുപാറ, കൈതപ്പറമ്പ് വഴി കൊട്ടാരക്കര തുടങ്ങിയ ഗ്രാമീണ സർവീസുകൾ പുനഃരാരംഭിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ബസുകളുടെ കുറവാണ് ഡിപ്പോ നേരിടുന്ന മറ്റൊരു പ്രശ്നം.
45 ഷെഡ്യൂളുകളാണ് ഇവിടെ ഉള്ളത്. ഇത്രയും ഷെഡ്യൂളുകൾ മുടങ്ങാതെ പോകണമെങ്കിൽ നിലവിലെ 56 ബസുകൾ കൂടാതെ 2 ബസുകൾ എങ്കിലും വേണം. നിർത്തി വച്ച സർവീസുകൾ പുനരാരംഭിക്കുകയാണെങ്കിൽ 2 ബസിന്റെ സ്ഥാനത്ത് പുതിയതായി 5 ബസുകളെങ്കിലും വേണമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്. മെക്കാനിക്കൽ വിഭാഗത്തിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും ബാധിക്കുന്നു. പെയിന്ററുടെയും സീറ്റു വർക്കുകൾ ചെയ്യുന്ന ജീവനക്കാരുടെയും മെക്കാനിക്കുകളുടെയും കുറവുകളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്.
പമ്പാ സർവീസിന് 2 ബസുകൾ
അടൂർ ∙ ശബരിമല തീർഥാടന കാലത്ത് കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് സർവീസ് നടത്തുന്നതിന് 2 ബസുകൾ അനുവദിച്ചു. ഒന്ന് അടൂർ ഡിപ്പോയിലേതും മറ്റൊന്ന് പന്തളം ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് എടുത്തുമാണു പമ്പാ സർവീസ് നടത്തുന്നത്. തീർഥാടനകാലം മുഴുവൻ ദിവസവും രാത്രിയിൽ 2 ബസുകൾ ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് സർവീസ് നടത്തും.