കലുങ്ക് അടഞ്ഞു, വെള്ളം മുറ്റത്തേക്ക്; തീവ്രമഴയിൽ വെള്ളക്കെട്ട്
Mail This Article
ഏനാത്ത് ∙ കനത്ത മഴയെ തുടർന്ന് മണ്ണടി റോഡ് വെള്ളത്തിൽ മുങ്ങി. മേൽപ്പാലത്തിന് സമീപം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലാണ് വെള്ളക്കെട്ട്. ഇവിടെ ഓട തെളിക്കുന്നതിന് നടപടിയില്ല. നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ വെള്ളക്കെട്ടു കാരണം കാൽനട യാത്രക്കാരും പ്രയാസം നേരിടുന്നു. മുൻപ് ശക്തമായ മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം നേരിട്ടിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
കലുങ്ക് അടഞ്ഞു;വെള്ളം മുറ്റത്തേക്ക്
മണ്ണടി ∙ കലുങ്ക് അടഞ്ഞു കിടക്കുന്നതിനാൽ റോഡിലെ വെള്ളം വീട്ടു മുറ്റത്തേക്കൊഴുകുന്നതായി പരാതി. മണ്ണടി-കന്നിമല റോഡിലെ വെള്ളമാണ് പ്രധാന നിരത്തു മുറിച്ച് റോഡിന് മറു ഭാഗത്തെ വീട്ടു മുറ്റത്തേക്കൊഴുകുന്നത്. അടൂർ–മണ്ണടി റോഡരികിൽ താമസിക്കുന്ന മണികണ്ഠ ഭവനത്തിൽ ശിവദാസിന്റെ വീട്ടിലെ കാർ പോർച്ചിലേക്കാണ് ശക്തമായ മഴയിൽ വെള്ളം ഒഴുകി എത്തുന്നത്. അടൂർ കന്നിമല റോഡിലെ കലുങ്ക് അടഞ്ഞു കിടക്കുന്നതിനാലും ഫലപ്രദമായ ഓടയില്ലാത്തതിനാലുമാണ് റോഡിലൂടെ വെള്ളം നിരന്നൊഴുകി വീട്ടുമുറ്റത്ത് എത്തുന്നത്.