'വൈകിയോടി' പുതിയ ബസ് സ്റ്റാൻഡ്
Mail This Article
പന്തളം ∙ ഇഴഞ്ഞുനീങ്ങി പുതിയ ബസ് സ്റ്റാൻഡ് പദ്ധതി. നിർമാണം തുടങ്ങി 14 മാസം പിന്നിട്ടിട്ടും പണികൾ ഇനിയും ബാക്കി. നഗരസഭാ ഭരണസമിതി അധികാരത്തിലെത്തിയിട്ട് 4 വർഷം തികയുകയാണ്. പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പുതിയ സ്റ്റാൻഡ്. കടമ്പകളേറെ കടന്നു സർക്കാർ അനുമതി നേടിയെടുത്തെങ്കിലും ജോലികൾ വൈകി. തീർഥാടനകാലം തുടങ്ങുന്നതിന് മുൻപ് സ്റ്റാൻഡ് മാറ്റമുണ്ടാവില്ല. മോട്ടർ വാഹനവകുപ്പിന്റെ പരിശോധന ഉടൻ നടക്കുമെന്ന് അധികൃതർ പറയുന്നു. നിർദിഷ്ട ക്രമീകരണങ്ങൾ ഒരുക്കിയോ എന്നതാണ് ലക്ഷ്യം. സ്റ്റാൻഡിലേക്കുള്ള രണ്ടാമത്തെ കലുങ്ക് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. വടക്ക് ഭാഗത്ത് മുട്ടാർ നീർച്ചാലിന്റെ കരയിൽ സംരക്ഷണഭിത്തി നിർമിക്കാനുണ്ട്. ഇവ അടക്കം പൂർത്തിയായ ശേഷം ആർടിഎ ബോർഡിനെ സമീപിക്കാൻ നേരത്തെ നിർദേശിച്ചിരുന്നു.
കാത്തിരിപ്പ് കേന്ദ്രവും ഇരിപ്പിടങ്ങളും പൂർത്തിയായി. സ്റ്റാളുകളിൽ 4 മുറികൾ കടമുറികളാക്കാനായി ഷട്ടർ സ്ഥാപിച്ചു. പൊക്കവിളക്കും സ്ഥാപിച്ചു. സമീപത്തെ ശുചിമുറി ബ്ലോക്ക് അറ്റകുറ്റപ്പണി നടത്തി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും തുടക്കത്തിൽ തന്നെ കോൺക്രീറ്റ് ചെയ്തിരുന്നു. സ്റ്റാൻഡിന്റെ തെക്ക് ഭാഗത്തെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയില്ല. സർക്കാർ, നഗരസഭ വിഹിതം ഉൾപ്പെടെ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരക്കേറിയ പന്തളം ജംക്‌ഷനിൽ നിന്ന് നിലവിലെ സ്റ്റാൻഡ് മാറ്റിയാൽ നഗരത്തിലെ തിരക്കിന് വലിയ ആശ്വാസമാകും. എന്നാൽ, ജോലികൾക്ക് വേഗമില്ലെന്നാണ് ആക്ഷേപം.