ക്രമീകരണം നന്നായാൽ തീർഥാടനം സുഗമമാകും
Mail This Article
ശബരിമല ∙ അപര്യാപ്തമായ ആശുപത്രി സൗകര്യങ്ങളും യാത്രയ്ക്കുള്ള പഴഞ്ചൻ ബസുകളുമാണ് ഇത്തവണ തീർഥാടകരെ കാത്തിരിക്കുന്നത്. ശബരിമലയിൽ പ്രതിദിനം 80,000 പേർക്കാണു ദർശനം അനുവദിക്കുന്നത്. തീർഥാടനം സുഗമമാക്കാൻ എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി ചെയ്തിട്ടുണ്ടെന്നു ആരോഗ്യ–ഗതാഗത വകുപ്പ് മന്ത്രിമാർ പറയുന്നുണ്ടെങ്കിലും എല്ലാം നേരെയാക്കാൻ ശരിക്കും പണിപ്പെടണം.
ആശുപത്രികൾ
∙ കഴിഞ്ഞ തീർഥാടന കാലത്ത് 58 തീർഥാടകരാണ് ഹൃദ്രോഗബാധയെ തുടർന്ന് മരിച്ചത്. കൂടുതൽ പേർക്കും പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെയാണു ഹൃദയാഘാതം ഉണ്ടായത്. നീലിമലയും അപ്പാച്ചിമേടുമാണു കുത്തനെയുള്ള കയറ്റങ്ങൾ. മലകയറ്റത്തിനിടെ അസ്വാസ്ഥ്യം ഉണ്ടായാൽ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി പമ്പയിലേക്ക് അയയ്ക്കും.അവിടെനിന്ന് മറ്റ് ആശുപത്രികളിലേക്കും. നീലിമല പാതയിലൂടെ ആംബുലൻസ് കടന്നുപോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആംബുലൻസ് സമയത്ത് കിട്ടാത്തതിനാൽ ചുമന്നു പമ്പയിൽ എത്തിച്ചു വേണം മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ. നീലിമലയിലും അപ്പാച്ചിമേട്ടിലും ഓരോ ആംബുലൻസ് ക്രമീകരിക്കാൻ കഴിയണം. ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണം.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ഒപി ബ്ലോക്ക് എന്നിവ നിർമിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. ഇതുമൂലം സൗകര്യം കുറഞ്ഞതിനാൽ കോന്നി മെഡിക്കൽ കോളജ് അടിസ്ഥാന ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അവിടെയും വേണ്ടത്ര സൗകര്യം ഇല്ല.
ശബരിമല വാർഡിനായി 30 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. നിലവിലെ അത്യാഹിത വിഭാഗവും മൈനർ ഓപ്പറേഷൻ തിയറ്ററും ഇതിനായി മാറ്റിയിട്ടുണ്ട്. 3 ഐസിയു വെന്റിലേറ്ററും ക്രമീകരിച്ചിട്ടുണ്ട്. മേജർ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഇല്ലാത്തതിനാൽ അപകടങ്ങളിൽ പരുക്കേറ്റ് വരുന്നവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അപകടത്തിൽ പെടുന്നവരെ നേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയയ്ക്കുന്നതാണ് ഉത്തമം.
കെഎസ്ആർടിസി ബസ് സർവീസുകൾ
∙ പമ്പ സ്പെഷൽ സർവീസിനായി കെഎസ്ആർടിസിക്ക് ഇത്തവണയും പുതിയ ബസ് ഒന്നുമില്ല. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ്, വിവിധ സ്ഥലങ്ങളിൽ നിന്നു പമ്പയ്ക്കുള്ള ദീർഘദൂര സർവീസ് എന്നിവയ്ക്കായി 447 ബസാണ് കെഎസ്ആർടിസി ക്രമീകരിക്കുന്നത്. 15 വർഷം കാലാവധി കഴിഞ്ഞ ബസുകളാണ് എല്ലാം. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം അനുസരിച്ചു സർവീസ് ബസുകളുടെ കാലാവധി 15 വർഷമാണ്. അതു കഴിഞ്ഞാൽ വാഹനങ്ങൾ പൊളിക്കണം.
പുതിയ ബസുകൾ ഇല്ലാത്തതിനാൽ 15 വർഷം കഴിഞ്ഞ 1117 ബസുകളുടെ കാലാവധിയാണ് കഴിഞ്ഞയാഴ്ച രണ്ട് വർഷത്തേക്കു കൂടി സർക്കാർ നീട്ടി നൽകിയത്.അടിയന്തര അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇവ പമ്പ സർവീസിനായി എത്തിക്കുന്നത്. ഈ ബസുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നവയാണ്.പമ്പ, ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കോട്ടയം, കൊട്ടാരക്കര എറണാകുളം, തിരുവനന്തപുരം സെൻട്രൽ, കുമളി, കായംകുളം, അടൂർ, തൃശൂർ, പുനലൂർ, ഗുരുവായൂർ, ആര്യങ്കാവ് എന്നീ ഡിപ്പോകളിൽ നിന്നാണ് പമ്പയ്ക്ക് സ്പെഷൽ സർവീസ് നടത്തുന്നത്.
വിവിധ ഡിപ്പോകളിലേക്ക് അനുവദിച്ച ബസുകൾ:– പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിന് 200, ചെങ്ങന്നൂർ 70, പത്തനംതിട്ട 23, എരുമേലി 18, കോട്ടയം 40, എറണാകുളം 30, കൊട്ടാരക്കര 20, തിരുവനന്തപുരം സെൻട്രൽ 8, കുമളി 17, കായംകുളം 2, അടൂർ 2, തൃശൂർ 2, പുനലൂർ 10, ഗുരുവായൂർ ഒന്ന്, ആര്യങ്കാവ് 2.പമ്പ–നിലയ്ക്കൽ 200 ബസിൽ ആദ്യം 150 എത്തും. തിരക്കനുസരിച്ച് ബാക്കി 50 ബസുകൾ എത്തിക്കാനാണ് തീരുമാനം. ദർശനം കഴിഞ്ഞു മലയിറങ്ങി പമ്പയിൽ എത്തിയാൽ നിലയ്ക്കലിലേക്കുള്ള ബസിൽ കയറാനുള്ള കഷ്ടപ്പാട് കഴിഞ്ഞ തവണത്തെ വലിയ പരാതിയായിരുന്നു. 3 മിനിറ്റ് ഇടവിട്ട് ബസ് വരുന്നുണ്ടെങ്കിലും തിക്കും തിരക്കും കാരണം പ്രായമായവർക്ക് കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. ഇത്തവണ ഇതിനു പരിഹാരം ഉണ്ടാക്കണം.