മുൻപ് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം, ഇപ്പോൾ സ്ഥിരമായി എത്തുന്നു; ആശങ്കയായി മയിലുകളുടെ വരവ്
Mail This Article
എഴുമറ്റൂർ ∙ മയിലുകളുടെ കൂട്ടമായുള്ള കടന്നുവരവ് മേഖലയിൽ ആശങ്കയ്ക്കു വഴിവയ്ക്കുന്നു. വീടുകളുടെ പിന്നാമ്പുറങ്ങളിലും അടുക്കളത്തോട്ടങ്ങളിലും പറന്നിറങ്ങുന്ന ഇവ വിളകൾ നശിപ്പിക്കുകയാണ്. വായനക്കവല, വേങ്ങഴ, കണ്ണച്ചതേവർ ക്ഷേത്രപരിസരം, മുളപ്പോൺ, സ്കൂൾ ഗ്രൗണ്ട്, ചിറയ്ക്കൽ, പുറ്റത്താനി മേഖലയിലാണ് ഇവയുടെ വിളയാട്ടം. രണ്ട് ആൺമയിലും 7 പെൺ മയിലുകളുമാണ് ചുറ്റിത്തിരിയുന്നത്. മേഖലയിലെ മിക്ക വീടുകളിലും ഇപ്പോൾ മയിലുകളെ കണികണ്ടാണ് ഉയരുന്നത്. ചിലയിടങ്ങളിൽ അരിയും കടലയും മയിലുകൾക്കായി മുറ്റത്ത് പാത്രങ്ങളിൽ വച്ചിട്ടുമുണ്ട്.
ഇരുട്ട് പടരുന്നതുവരെ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞ ശേഷം ഇവ ആൾത്താമസമില്ലാത്ത പുരയിടങ്ങളിലെ പടുകൂറ്റൻ വൃക്ഷങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. മുൻപ് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നിരുന്ന മയിലുകൾ ഇപ്പോൾ പ്രദേശത്ത് സ്ഥിരമായി തമ്പടിച്ചിരുക്കുകയാണ്.