കെഎസ്ആർടിസി പമ്പ സർവീസ്: ഡിപ്പോകളിൽനിന്നു ബസുകൾ പിൻവലിക്കുന്നു; ദീർഘദൂര സർവീസുകൾ മുടങ്ങുമെന്ന് ആശങ്ക
Mail This Article
ശബരിമല ∙ കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസിനായി ഡിപ്പോകളിൽനിന്നു ബസുകൾ കൂട്ടത്തോടെ പിൻവലിക്കുന്നു. പല ഡിപ്പോകളിലെയും ദീർഘദൂര സർവീസുകൾ മുടങ്ങിയേക്കും. പമ്പ–നിലയ്ക്കൽ ചെയിൻ, ദീർഘദൂര സർവീസ് എന്നിവയ്ക്കായി 447 ബസാണ് വേണ്ടത്. ഇതിൽ 200 എണ്ണം പമ്പ– നിലയ്ക്കൽ ചെയിൻ സർവീസിനും ബാക്കി ദീർഘദൂര ഓട്ടത്തിനുമാണ്. കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിൽ ഇറക്കിയിട്ട് വർഷങ്ങളായി. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ പലതും 15 വർഷം കഴിഞ്ഞവയാണ്. പുതിയ ബസ് ഇല്ലാത്തതിനാൽ നിലവിൽ സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ചാണ് പമ്പ സ്പെഷൽ സർവീസിന് എത്തിക്കുന്നത്. ഇത് യാത്രാ ക്ലേശം ഇരട്ടിയാക്കും.ഇതിനു പുറമേ ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കോട്ടയം, കൊട്ടാരക്കര, എറണാകുളം, തിരുവനന്തപുരം സെൻട്രൽ, കുമളി, കായംകുളം, അടൂർ, തൃശൂർ, പുനലൂർ, ഗുരുവായൂർ, ആര്യങ്കാവ് എന്നീ ഡിപ്പോകളിൽ നിന്നാണ് ഇത്തവണ പമ്പ സ്പെഷൽ സർവീസ് ഉള്ളത്.
ഇതിനായി ചെങ്ങന്നൂർ 70, പത്തനംതിട്ട 23, എരുമേലി 18, കോട്ടയം 40, എറണാകുളം 30, കൊട്ടാരക്കര 20, തിരുവനന്തപുരം സെൻട്രൽ 8, കുമളി 17, കായംകുളം 2, അടൂർ 2, തൃശൂർ 2, പുനലൂർ 10, ഗുരുവായൂർ ഒന്ന്, ആര്യങ്കാവ് 2 എന്നീ ഡിപ്പോകൾക്ക് ബസ് അനുവദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളിൽ നിന്നു ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് ബസുകൾ പിൻവലിച്ചാണ് ഈ ഡിപ്പോകൾക്ക് നൽകിയത്. മല്ലപ്പള്ളി ഡിപ്പോയിൽ ആകെ 7 ഫാസ്റ്റാണുള്ളത്. അതിൽ 3 ബസ് പമ്പയ്ക്കായി എടുത്തു. സ്പെയർ ബസ് ഇല്ലാത്തതിനാൽ ശബരിമല തീർഥാടനം കഴിയും വരെ 3 ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുടങ്ങും. പത്തനംതിട്ട ഡിപ്പോയുടെ 5 ഫാസ്റ്റ് പമ്പ സ്പെഷൽ സർവീസിനായി മാറ്റി. അതിനാൽ 5 ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുടങ്ങും. അടൂർ ഡിപ്പോയുടെ ഒരു ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും റാന്നി ഡിപ്പോയിലെ 2 ഫാസ്റ്റ് ബസുകൾ കട്ടപ്പുറത്താണ്. അതിനാൽ റാന്നി– എറണാകുളം, റാന്നി– മുണ്ടക്കയം– തിരുവനന്തപുരം എന്നീ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഇതുമൂലം മുടങ്ങി.