ADVERTISEMENT

പത്തനംതിട്ട ∙ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപിലും പഴയ മൊഴികളിൽ ഉറച്ചുനിന്ന് എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം. നവീന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നു സഹോദരന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ കലക്ടറുടെ വാദങ്ങൾ തെറ്റാണെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനു മുൻപിലും ആവർത്തിച്ചു. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നവീൻ ബാബുവിന്റെ സംസ്കാര ദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു മരിച്ച് ഒരു മാസം തികയുമ്പോഴാണ് കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നവീന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. 

മുൻപ് കണ്ണൂർ ടൗൺ പൊലീസിനു കുടുംബം നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചത്. നവീൻ ബാബുവിന്റെ മരണത്തിനു മുൻപുള്ള 2 ദിവസങ്ങളിൽ ഫോണിൽ വിളിച്ച ആളുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു. യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചോ എന്നും അന്വേഷിച്ചു. നവീനെ വിളിച്ചവരിൽ അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പറുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കലക്ടറും നവീൻ ബാബുവുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചും ചോദ്യങ്ങൾ ഉന്നയിച്ചെന്നാണു സൂചന. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.

യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോൾ പമ്പ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരൂഹതകളുണ്ട്‌, വിരമിക്കാൻ ഏഴുമാസം മാത്രം ശേഷിക്കെ നവീൻ ജീവനൊ‍ടുക്കിയെന്നത് അവിശ്വസനീയമാണ്, യാത്രയയപ്പ് ചടങ്ങിനുശേഷം കാബിനിലെത്തി തെറ്റ് പറ്റിയെന്ന് നവീൻ ഏറ്റുപറഞ്ഞെന്ന കണ്ണൂർ കലക്ടറുടെ വാദം കെട്ടിച്ചമച്ചതാണ് തുടങ്ങിയ കാര്യങ്ങൾ മൊഴിയിൽ ആവർത്തിച്ചെന്നാണു സൂചന.  കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ ഒന്നേമുക്കാൽ മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ പത്തനംതിട്ട കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം പന്ത്രണ്ടരയോടെയാണ് അന്വേഷണസംഘം നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്. ഇൻസ്പെക്ടർക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൈജു, സിപിഒ ഷിജി എന്നിവരുമുണ്ടായിരുന്നു.

കണ്ണീരിന്റെ കാർമേഘം മാറാതെ കാരുവള്ളിൽ കുടുംബം: എഡിഎം കെ.നവീൻ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരുമാസം
പത്തനംതിട്ട ∙ കാരുവള്ളിൽ വീട്ടിൽ സങ്കടത്തിന്റെ കാർമേഘം പെയ്തൊഴിഞ്ഞിട്ടില്ല. 
നാടിനും വീടിനും പ്രിയങ്കരനായ നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസമായി പ്രിയപ്പെട്ടവരുടെ സ്നേഹവാക്കുകൾ മാത്രം. കണ്ണൂർ എഡിഎം കെ.നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്ന് ഒരുമാസം.

കാത്തിരുന്നിട്ടും എത്തിയില്ല
ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്നു നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തനിക്കെതിരെ ഉന്നയിച്ച വേദനിപ്പിക്കുന്ന പരാമർശങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ തളർത്തിയിരുന്നു. അന്നു രാത്രി പത്തനംതിട്ടയ്ക്ക് വരാനിരുന്ന നവീൻ ബാബു ട്രെയിൻ കയറിയിരുന്നില്ല.

അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ അതിരാവിലെ തന്നെ ഭാര്യ മഞ്ജുഷയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ മലബാർ എക്സ്പ്രസ് വന്നുപോയിട്ടും നവീനെ കാണാതായതോടെ മഞ്ജുഷ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ മരണവിവരം പുറത്തറിയുകയുമായിരുന്നു.

ഇഴയുന്ന അന്വേഷണം
എന്നാൽ നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുടുംബത്തിന്റെ ഭാഗത്തുനിന്ന് മാത്രമായി മാറുന്നു എന്ന ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തനിക്ക് ക്ഷണമില്ലാത്ത യാത്രയയപ്പ് സമ്മേളനത്തിലേക്ക് കടന്നുവന്ന്, കലക്ടർ അടക്കമുള്ള വേദിയിൽ നവീനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. എന്നാൽ കലക്ടറും ദിവ്യയെ എതിർത്തില്ല. കലക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.  പൊലീസ് അന്വേഷണത്തിലെ പാകപ്പിഴകളും പെട്രോൾ പമ്പിന് അനുമതി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തനെപ്പറ്റി കൂടുതൽ അന്വേഷണം നടത്താത്തതും വിവാദമായി.

കേസ് അന്വേഷണം വൈകിപ്പിക്കുന്നെന്നും ആക്ഷേപം ഉയർന്നു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും 11 ദിവസങ്ങൾക്കു ശേഷം ജാമ്യം അനുവദിച്ചു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിൽ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവം നടന്ന് ഒരുമാസം പൂർത്തിയായപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കാൻ ഇന്നലെ മലയാലപ്പുഴയിൽ എത്തിയത്. കേസിൽ ഉറച്ചുനിൽക്കുകയാണെന്നും നിയമ പോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു.

സിപിഎമ്മിലെ രണ്ട് അഭിപ്രായം
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെയും പത്തനംതിട്ടയിലെയും സിപിഎം നേതൃത്വം രണ്ടുനിലപാടാണ് സ്വീകരിച്ചത്. ദിവ്യയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട് വിമർശനങ്ങൾക്ക് വഴിവച്ചു. എന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന നിലപാടിൽ പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം ഉറച്ചുനിന്നു. മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച എം.വി.ഗോവിന്ദൻ പറഞ്ഞതും പാർട്ടി കുടുംബത്തിനൊപ്പമാണെന്നാണ്.

നവീൻ ബാബു രേഖകളിൽ വിവരാവകാശ  ഓഫിസർ
തിരുവനന്തപുരം ∙ കെ.നവീൻ ബാബു സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ രേഖകളിൽ ഇപ്പോഴും വിവരാവകാശ ഓഫിസർ. തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടിയുള്ള കാസർകോട് ജില്ലയിലെ വിവരാവകാശ ഓഫിസർമാരുടെ പട്ടികയിലാണ് ഇപ്പോഴും നവീൻ ബാബുവിന്റെ പേരുള്ളത്. അദ്ദേഹം കാസർകോട് ഡപ്യൂട്ടി കലക്ടറായി ജോലി ചെയ്ത അവസരത്തിലാണ് ഈ ചുമതല ഏൽപിച്ചത്. തുടർന്ന് കണ്ണൂർ എഡിഎം ആയി സ്ഥലംമാറ്റിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ ഇപ്പോഴും നവീൻ ബാബുവിന്റെ പേര് ഈ സ്ഥാനത്തു തുടരുന്നു. 

English Summary:

The family of deceased Kannur ADM K. Naveen Babu remains steadfast in their allegations of a conspiracy surrounding his death. The Special Investigation Team (SIT) has recorded statements from family members, focusing on the events leading to his tragic demise. The case has sparked controversy and differing stances within the CPM leadership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com