ADVERTISEMENT

പത്തനംതിട്ട∙ മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ അതിവേഗം ബഹുദൂരം മുന്നേറുകയാണ് പൊതുമരാമത്തു വകുപ്പിന്റെ റോ‍‍ഡുപണികൾ. തിരക്കിട്ട് ടാറിങ് പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ് അധികാരികൾ. 3 മാസം മുൻപാണ് ജില്ലയിലെ 6 റോഡുകളുടെ നിർമാണം ഒരേ സമയം പൂർത്തിയാക്കുന്നതിനുള്ള പാക്കേജിന് ‍‍ടെൻഡർ ക്ഷണിച്ചത്.  പത്തനംതിട്ട–മൈലപ്ര (സെൻട്രൽ ജംക്‌ഷൻ മുതൽ എസ്പി ഓഫിസ് വരെ), തിരുവല്ല–കുമ്പഴ (സെന്റ് പീറ്റേഴ്സ് മുതൽ സെൻട്രൽ ജംക്‌ഷൻ വരെ), പത്തനംതിട്ട – കൈപ്പട്ടൂർ (സ്റ്റേഡിയം മുതൽ സെൻട്രൽ ജംക്‌ഷൻ വരെ), അഴൂർ – കാതോലിക്കേറ്റ് സ്കൂൾ – കാതോലിക്കേറ്റ് കോളജ് റോഡ് , പത്തനംതിട്ട – താഴൂർക്കടവ് (സെൻട്രൽ ജംക്‌ഷൻ മുതൽ പെട്രോൾ പമ്പ് വരെ), ടിബി അപ്രോച്ച് റോ‍ഡ് ( സ്റ്റേഡിയം ജംക്‌ഷൻ മുതൽ ജനറൽ ആശുപത്രി വരെ) എന്നിവയുടെ നിർമാണത്തിനായി 5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

5.7 കിലോമീറ്റർ വിസ്തൃതിയിലാണ് ടാറി‍‍‍ങ്. ശബരിമല നട നാളെ തുറക്കുന്നതിനാൽ ‍‍ടൗണിലൂടെയുള്ള പ്രധാന പാതകളിലൊന്നായ സിവിൽ സ്റ്റേഷൻ മുതൽ കെഎസ്ആർടിസി റോഡ് വരെയുള്ള ടാറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. പകൽ സമയം ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നതിനാൽ രാത്രി വൈകിയാണ് ടാറിങ് പൂർത്തിയായത്. കെഎസ്ആർടിസി  ജംക്‌ഷൻ മുതൽ എസ്പി ഓഫിസ് വരെയുള്ള റോഡിന്റെ ഒരു വശം മാത്രമാണ് ടാർ ചെയ്തത്. ബാക്കിയുള്ള ഭാഗത്തെ പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. കാതോലിക്കേറ്റ് കോളജിനു മുന്നിലൂടെയുള്ള പാത പൂർണമായും പൊളിച്ചിട്ടിരിക്കുകയാണ്. സെവൻത് ഡേ സ്കൂൾ, കാതോലിക്കേറ്റ് സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഒട്ടേറെ വാഹന‍ങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. അനേകം വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ റോഡ് പണി വേ‍ഗത്തിൽ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.

കെഎസ്ആർടിസി ജംക്‌ഷൻ മുതൽ എസ്പി ഓഫിസ് വരെയുള്ള ടാറിങ്  ഉടനെ പൂർത്തിയാകും. മഴയില്ലെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മറ്റു പാതകളുടെയും പണി പൂർത്തിയാക്കാൻ കഴിയും.

 

 

English Summary:

With the Mandala season commencing, Pathanamthitta witnesses rapid road construction. The Public Works Department is working to complete tarring on key routes leading to Sabarimala, including stretches near the Civil Station, Catholicate College, and TB Approach Road. The initiative aims to ensure smooth traffic flow for pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com