മനംനിറഞ്ഞ് പടിയിറങ്ങുന്നു, പുറപ്പെടാ ശാന്തിമാർ
Mail This Article
ശബരിമല ∙ ഒരുവർഷം നീണ്ട പൂജകൾ പൂർത്തിയാക്കി പടിയിറങ്ങും മുൻപ് അയ്യപ്പ സന്നിധിയിൽ മണിക്കൂറുകൾ നീണ്ട ധ്യാനത്തിലായിരുന്നു പുറപ്പെടാ ശാന്തിമാരായ പി.എൻ.മഹേഷ് (ശബരിമല), പി.ജി.മുരളി (മാളികപ്പുറം) എന്നിവർ. എല്ലാ പൂജകളും കൃത്യതയോടെ നടത്താൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണു മലയിറക്കം.പുറപ്പെടാ ശാന്തിയായി ഒരു വർഷം നീണ്ട സന്നിധാനത്തെ ജീവിതത്തെപ്പറ്റി ഇരുവർക്കും പറയാനേറെ. കോടമഞ്ഞ്, തണുപ്പ്, രൂക്ഷമായ പൊടിശല്യം എന്നിവയെല്ലാം ഉണ്ടായിട്ടും ചെറിയ പനി പോലും വരാതെ ഭഗവാൻ കാത്തുസൂക്ഷിച്ചു.
കഷ്ടതകൾ അകറ്റണമെന്ന പ്രാർഥനകളുമായി എത്തിയ ഭക്തരെ ഓർത്ത് അവരുടെ പേരും നാളും പറഞ്ഞു പൂജ കഴിച്ചപ്പോൾ മനസ്സിനു ശാന്തി തോന്നി. പൂജകൾ ഇല്ലാത്ത ദിവസങ്ങളിൽ കൂടുതൽ സമയവും ധ്യാനത്തിനായി ചെലവഴിച്ചു. കിട്ടുന്ന ഇടവേളകളിലെല്ലാം ഇവർ അയ്യപ്പ സന്നിധിയിൽ ധ്യാനത്തിൽ കഴിഞ്ഞു. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം കഴിഞ്ഞാൽ ഉടൻ ഇരുവരും പടിയിറങ്ങും. മണ്ഡലകാല തീർഥാടനത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് അയ്യപ്പ ക്ഷേത്രനട നട തുറക്കുന്നത് പി.എൻ.മഹേഷാണ്.
നിയുക്ത മേൽശാന്തി ഇന്ന് മലകയറും
കൊല്ലം ∙ ശബരിമല നിയുക്ത മേൽശാന്തി ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി പുറപ്പെടാശാന്തിയായി ചുമതലയേൽക്കാൻ ഇന്നു രാവിലെ പുറപ്പെടും. ശബരിമല മുൻ മേൽശാന്തി എൻ. ബാലമുരളിയുടെ മുഖ്യകാർമികത്വത്തിൽ വീട്ടിൽ രാവിലെ 6നു കെട്ടുനിറയ്ക്കും. ഉച്ചയോടെ പമ്പയിലെത്തും. വൈകിട്ട് 4നു മുൻപ് സന്നിധാനത്തിൽ എത്തുന്ന വിധത്തിലാകും മലകയറുക.
മകൻ ജാതദേവൻ, സഹായി സുനിൽ എന്നിവരും കെട്ടുനിറയ്ക്കുന്നുണ്ട്. ആലുവ തന്ത്രവിദ്യാപീഠത്തിലെ വിദ്യാർഥിയായ ജാതദേവൻ അച്ഛനൊപ്പം കുറച്ചുദിവസം പൂജകളിൽ പങ്കെടുത്ത ശേഷമാകും മടക്കം. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന അരുൺകുമാർ നമ്പൂതിരി കഴിഞ്ഞ ദിവസം ഔദ്യോഗികമായി ചുമതല ഒഴിഞ്ഞു. മുൻപ് പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളിലും പരദേവതാ ക്ഷേത്രത്തിലും ദർശനം നടത്തി.