പമ്പ – നിലയ്ക്കൽ സർവീസ്: ബസുകൾക്ക് കാലപ്പഴക്കമെന്ന് ആക്ഷേപം
Mail This Article
ശബരിമല ∙ പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ബസുകൾ ഏറെയും കാലപ്പഴക്കം ചെന്നവയാണെന്ന് ആക്ഷേപം. ചെയിൻ സർവീസ് നടത്താനായി എത്തിക്കുന്ന വഴി തന്നെ പല ബസുകളും തകരാറിലായിട്ടുണ്ടെന്ന വിമർശനം ചില ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്. 15 വർഷമാണ് ഓർഡിനറി സർവീസുകൾക്കു മുൻപ് നൽകിയിരുന്ന പരമാവധി കാലാവധി. ഇത് ഇപ്പോൾ 17 വർഷമായി ഉയർത്തിയിട്ടുണ്ട്. പമ്പ– നിലയ്ക്കൽ ചെയിൻ സർവീസിനായി എത്തിച്ച ബസുകൾ വളരെ മോശം അവസ്ഥയിൽ ഉള്ളവയാണെന്നുള്ള വിമർശനം ശക്തമാണ്.
പമ്പയിലെ സ്പെഷൽ ഡിപ്പോയിൽ 85 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. 200 ബസുകളാണു ചെയിൻ സർവീസിനു വേണ്ടത്. പമ്പ–നിലയ്ക്കൽ ചെയിൻ, ദീർഘദൂര സർവീസ് എന്നിവയ്ക്കായി 447 ബസാണ് വേണ്ടത്. കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിൽ ഇറക്കിയിട്ട് വർഷങ്ങളായി. പുതിയ ബസ് ഇല്ലാത്തതിനാൽ നിലവിൽ സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ചാണ് പമ്പ സ്പെഷൽ സർവീസിന് എത്തിക്കുന്നത്.
മണ്ഡലകാലം 383 ബസുകൾ സർവീസിനുണ്ടെന്ന് കെഎസ്ആർടിസി
ശബരിമല മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. 300 ഡ്രൈവർമാരും 200 കണ്ടക്ടർമാരും ഉൾപ്പെടെ 628 ജീവനക്കാരെ നിയോഗിച്ചു. രണ്ടാംഘട്ടത്തിൽ 728 ജീവനക്കാരുണ്ടാകും.
പമ്പയിൽ സ്പെഷൽ ഓഫിസറെയും നിയോഗിക്കും. എല്ലാ ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.ലോഫ്ലോർ നോൺ എസി– 120, വോൾവോ നോൺ എസി– 55, ഫാസ്റ്റ് പാസഞ്ചർ –122, സൂപ്പർ ഫാസ്റ്റ് –58, ഡീലക്സ് –15, ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ് 10 എന്നിവയ്ക്കു പുറമേ മൂന്ന് മെയ്ന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും.