വിശുദ്ധി സേന: ശുചിത്വം ഉറപ്പാക്കാൻ 1000 പേർ
Mail This Article
ശബരിമല ∙വൃത്തിയുടെ കാര്യത്തിൽ മാറ്റത്തിലാണു ശബരിമല. ഇത്തവണ പമ്പയിൽ എത്തുമ്പോൾ തന്നെ ശുചീകരണത്തിലെ മാറ്റം അറിയാം.മുൻവർഷങ്ങളിൽ ആദ്യദിവസം തീർഥാടകർ എത്തിയ ശേഷമാണ് ശുചീകരണം തുടങ്ങുന്നത്. ഇത്തവണ അതിനു മാറ്റം വന്നു. വിശുദ്ധി സേനാംഗങ്ങൾ നേരത്തെ എത്തി. അവരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിപ്പിച്ചു. പമ്പ മണപ്പുറം, ത്രിവേണിയിൽ നിന്നു ഗണപതികോവിൽ വരെയുള്ള റോഡ്, പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള നീലിമല പാത, സ്വാമി അയ്യപ്പൻ റോഡ് എന്നിവ പൂർണമായും വൃത്തിയാക്കി.
സന്നിധാനത്ത് താഴെ തിരുമുറ്റം, മാളികപ്പുറം, വടക്കേനട, പാണ്ടിത്താവളം എന്നിവിടങ്ങളിലും കാര്യമായി ശുചീകരണം നടന്നു. ജില്ലാ കലക്ടർ അധ്യക്ഷനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണം നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇതിനായി എത്തിച്ചത്. സന്നിധാനത്ത് 300, പമ്പയിൽ 210, നിലയ്ക്കൽ 450 പേരെ വിന്യസിപ്പിച്ചു.