ശരണമന്ത്രങ്ങൾ സാക്ഷി; പുതിയ മേൽശാന്തിമാർ സ്ഥാനമേറ്റു
Mail This Article
ശബരിമല ∙ ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ പുതിയ മേൽശാന്തിമാരായി അഭിഷേകം ചെയ്തു. ആദ്യം ശബരിമലയിലും പിന്നെ മാളികപ്പുറത്തുമായിരുന്നു ചടങ്ങ്. സോപാനത്തിൽ കളം വരച്ചു തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശപൂജ നടത്തി.
തൊഴുകൈകളോടെ ശരണംവിളിച്ച് പുതിയ മേൽശാന്തി കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (51) ഇരുന്നു. പൂജകൾ പൂർത്തിയാക്കി സ്വർണക്കുടത്തിലെ തീർഥം തന്ത്രി അഭിഷേകം ചെയ്തു. പിന്നെ കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി. അയ്യപ്പ മൂലമന്ത്രവും പൂജാവിധിയും പറഞ്ഞു കൊടുത്തു. അതിനു ശേഷമായിരുന്നു മാളികപ്പുറത്തെ ചടങ്ങ്. അവിടെയും തന്ത്രി കലശപൂജ നടത്തി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയെ (54) അഭിഷേകം ചെയ്തു.
പിന്നെ ശ്രീകോവിലിൽ കൊണ്ടുപോയി മാളികപ്പുറത്തമ്മയുടെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു.മന്ത്രി വി.എൻ.വാസവൻ, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി.നാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അഭിഷേക ചടങ്ങുകൾ.