പ്ലാപ്പള്ളിയിൽ റോഡ് നിർമാണം അപൂർണം; അപകടസാധ്യത
Mail This Article
റാന്നി ∙ തീർഥാടകർക്കു അപകടക്കെണിയൊരുക്കി ശബരിമല പാതയുടെ നിർമാണം. വശം ചേർക്കുന്ന വാഹനങ്ങൾ കട്ടിങ്ങിൽ ചാടി അപകടത്തിൽപ്പെടുന്ന സ്ഥിതി. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയുടെ നിർമാണമാണ് തീർഥാടനം ആരംഭിച്ചിട്ടും പൂർത്തിയാകാത്തത്.ബിഎം ബിസി ടാറിങ് നടത്തിയതോടെ പാതയുടെ ഉപരിതലം ഉയർന്നു. ഇതുമൂലം വശങ്ങളിൽ കട്ടിങ് രൂപപ്പെട്ടിരിക്കുകയാണ്. വശം കൊടുക്കുന്ന വാഹനങ്ങൾ കട്ടിങ്ങിൽ ചാടിയാൽ അപകടം ഉറപ്പ്. പ്രത്യേകിച്ച് രാത്രിയിലെത്തുന്ന വാഹനങ്ങൾ. പലയിടത്തും ഒരടിയോളം താഴ്ചയിൽ ടാറിങ്ങിനോടു ചേർന്നു കട്ടിങ്ങുണ്ട്.
ചിലയിടങ്ങളിൽ വശം വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണി ആരംഭിച്ചിരുന്നു. വശങ്ങളിലെ മണ്ണ് നീക്കിയ ശേഷം പാറമക്കിട്ട് ഇത്തരം ഭാഗങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ കോൺക്രീറ്റ് ചെയ്തിട്ടില്ല. റിബൺ കെട്ടി സുരക്ഷയൊരുക്കിയിരിക്കുകയാണ്. വയറൻമരുതി ശബരി ശരണാശ്രമത്തിനു സമീപം ഇന്നലെ രാവിലെയും പാതയിൽ പണി നടത്തിയിരുന്നു.
വെള്ളക്കെട്ടുള്ള ഭാഗത്തു പാകിയിരുന്ന പൂട്ടുകട്ടയിളക്കിയിടുന്ന പണിയാണ് നടത്തിയത്. ഇതുമൂലം ഒരു വരി മാത്രമായിരുന്നു ഗതാഗതം. വെള്ള വരകളിടുന്ന പണികളും പൂർത്തിയായിട്ടില്ല. മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷൻ–കൂനംകര വരെ വലിയതോടിനോടു ചേർന്നാണ് ശബരിമല പാത കടന്നു പോകുന്നത്. തോടിന്റെ വശത്ത് പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച സംരക്ഷണഭിത്തിയാണുള്ളത്. അതിന്റെ അടിത്തട്ടിലെ കല്ലുകൾ ഇളകി കിടക്കുകയാണ്. ഇവിടെ പുതിയ സംരക്ഷണഭിത്തി നിർമിക്കാൻ നടപടിയുണ്ടായിട്ടില്ല.
ളാഹയിൽ മലിനജലംതീർഥാടന പാതയിൽ
ഓടയും കലുങ്കുകളും അടഞ്ഞു കിടക്കുന്നതു മൂലം മലിനജലം ശബരിമല പാതയിലൂടെ ഒഴുകുന്നു. ശക്തമായ മഴ പെയ്യുമ്പോൾ കല്ലുകളും മണ്ണും ഒഴുകി പാതയിലെത്തുകയാണ്. ളാഹ ടെലിഫോൺ എക്സ്ചേഞ്ച് മുതൽ വനം സ്റ്റേഷൻ വളവു വരെയുള്ള കാഴ്ചയാണിത്.മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയുടെ ഭാഗമാണിത.് ഇവിടെ 4 കലുങ്കുകൾ നിർമിച്ചിരുന്നു. നാലും ചെളിയും മണ്ണും കല്ലുകളും കയറി അടഞ്ഞിരിക്കുകയാണ്. ഇതുമൂലം വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. തീർഥാടക വാഹന തിരക്കേറുന്നതോടെ ഇവിടം ചെളിക്കുഴിയായി മാറും.
ളാഹ ജംക്‌ഷനിൽ നിർമിച്ചിട്ടുള്ള ഓടയും ചെളിയും മണ്ണും കയറി അടഞ്ഞിരിക്കുകയാണ്. വെള്ളം പാതയിലൂടെ പരന്നൊഴുകുകയാണ്. ഹൈവേ വിഭാഗത്തെ വിവരം ധരിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. പുതുക്കട–പെരുമൺ കോളനി വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകളും കത്തുന്നില്ല.
റോഡിലെ ചെളിയാത്രികർക്കുഭീഷണി
വളവിൽ കെട്ടിക്കിടക്കുന്ന ചെളി ഇരുചക്ര വാഹന യാത്രക്കാർക്കു ഭീഷണി. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിൽ ചമ്പോൺ വലിയ വളവിലാണ് ചെളി രൂപപ്പെട്ടിരുക്കുന്നത്.ചമ്പോൺ–മുണ്ടപ്ലാക്കൽപടി റോഡിൽ നിന്നൊഴുകിയെത്തുന്ന ചെളിയും മണ്ണുമാണ് ശബരിമല പാതയ്ക്കു കുറുകെയെത്തി വശത്തു കെട്ടിക്കിടക്കുന്നത്.
എതിരെയെത്തുന്ന വാഹനങ്ങൾക്കു വശം കൊടുക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ പാതയുടെ അരിക് ചേർന്നു കടന്നു പോകുമ്പോൾ ചെളിയിൽ തെന്നി വീഴും. പഞ്ചായത്ത് റോഡിൽ നിന്നുള്ള മഴവെള്ളം ശബരിമല പാതയിൽ എത്താതിരിക്കാൻ ക്രമീകരണം ഒരുക്കുകയാണു പരിഹാരം.