ആദ്യദിനം തന്നെ തീർഥാടകത്തിരക്ക്; ഒരു മണിക്കൂർ മുൻപേ നട തുറന്നു
Mail This Article
ശബരിമല ∙ ആദ്യദിനം തന്നെ തിരക്കിലമർന്ന് സന്നിധാനവും പമ്പയും. ദർശനത്തിനായി തിരക്കേറിയതോടെ വൈകിട്ട് 5ന് തുറക്കേണ്ടിയിരുന്ന ക്ഷേത്ര നട ഒരുമണിക്കൂർ നേരത്തേ, 4ന് തുറന്നു. വെർച്വൽ ക്യൂ വഴി 30,000 ഭക്തരാണ് ഇന്നലെ ദർശനത്തിനു ബുക്ക് ചെയ്തത്. തിരക്കു കണക്കിലെടുത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജി കുമാർ എന്നിവർ തന്ത്രി കണ്ഠര് രാജീവരുമായി ചർച്ച നടത്തി. തിരക്കു കുറയ്ക്കാൻ നട നേരത്തെ തുറക്കുന്നതിനു തടസ്സമില്ലെന്നു തന്ത്രി അറിയിച്ചു. തുടർന്ന് ഇതിനുള്ള ക്രമീകരണങ്ങളും ചെയ്തു.
പുതിയ മേൽശാന്തിമാരായ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുമായി ബന്ധപ്പെട്ടു. നേരത്തെ പുറപ്പെട്ടതിനാൽ ഉച്ചയാകുമ്പോഴേക്കും സന്നിധാനത്ത് എത്തുമെന്ന് അറിയിച്ചു. തുടർന്നാണ് വൈകിട്ട് 4നു നട തുറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതനുസരിച്ചു പൊലീസും തയാറെടുപ്പ് നടത്തി.
ഇനിയുള്ള ദിവസങ്ങളിലും തിരക്ക് ഒരുപോലെ തുടരുമെന്ന സൂചനയാണ് വെർച്വൽ ക്യു ബുക്കിങ്ങിൽ നിന്നു ലഭിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് തീർഥാടകരെ പമ്പയിൽനിന്നു കടത്തിവിട്ടത്. ആദ്യസംഘം 2.25 സന്നിധാനത്ത് എത്തി. ഇവരെ വലിയ നടപ്പന്തലിൽ ക്രമീകരിച്ചു നിർത്തി. തീർഥാടകരെ പതിനെട്ടാംപടി കയറ്റാൻ പരിശീലനം ലഭിച്ച പുതിയ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ക്ഷേത്രനട തുറക്കുമ്പോഴത്തെ തിരക്കു നിയന്ത്രിക്കാൻ തീർഥാടകരെ ഉച്ചവരെ പമ്പയിൽ തടഞ്ഞു നിർത്തിയതാണ് തിരക്കിനിടയാക്കിയത്.
എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാർക്കാണു ചുമതല. കെ.ഇ.ബൈജു (സന്നിധാനം), ടി.ഫെറാഷ് (പമ്പ), എസ്.സുരേഷ് കുമാർ (നിലയ്ക്കൽ) എന്നിവിടങ്ങളിൽ ചുമതലയേറ്റു. സന്നിധാനത്ത് 1500 പൊലീസുകാരാണുള്ളത്. കൂടാതെ 2 അഡീഷനൽ എസ്പി, 10 ഡിവൈഎസ്പി, 27 സിഐ, 90 എസ്ഐ, 1250 സിവിൽ പൊലീസ് ഓഫിസർ, എന്നിവരെ കൂടാതെ ബോംബ് സ്ക്വാഡ്, മഫ്തി പൊലീസും ഉണ്ട്.
അന്നദാനത്തിന് സൗകര്യം
ശബരിമലയിൽ അരമണിക്കൂർ ഇടവിട്ട് മുഴുവൻ സമയവും അന്നദാനത്തിനു സൗകര്യമൊരുക്കിയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.സന്നിധാനത്തെ 1.4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അന്നദാനം ഹാളിൽ ഒരേസമയം 2,000 പേർക്ക് ഭക്ഷണം കഴിക്കാം. പമ്പയിൽ രണ്ടുനിലയുള്ള അന്നദാനം ഹാളിൽ ഒരുസമയം 500 പേർക്കും നിലയ്ക്കൽ അന്നദാനം ഹാളിൽ 200 പേർക്കും ഇരുന്ന് ഭക്ഷണം കഴിക്കാം. പമ്പ-സന്നിധാനം പാതയിലെ വിവിധയിടങ്ങളിൽ ചുക്കുവെള്ള വിതരണത്തിനും സൗകര്യമൊരുക്കി.ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ വിലവിവര പട്ടിക മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കും.