ADVERTISEMENT

പത്തനംതിട്ട ∙ ടിപ്പർ ലോറിയുടെ എൻജിൻ നമ്പർ കൊത്തിയുണ്ടാക്കി കൃത്രിമം നടത്തി ഫിറ്റ്നസ് നേടാനുള്ള ശ്രമം മോട്ടർ വാഹനവകുപ്പ് കണ്ടെത്തി. കോന്നി ജോയിന്റ് ആർടിഒ ഓഫിസിൽ ഫിറ്റ്നസ് പരിശോധനയ്ക്കെത്തിച്ച ടിപ്പർ ലോറിയുടെ എൻജിൻ നമ്പറാണു വ്യാജമെന്നു കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ എൻജിൻ ഘടിപ്പിച്ച ശേഷം പരിശോധനയ്ക്കെത്തിച്ച ലോറിയുടെ എൻജിൻ നമ്പർ ഇതിൽ കൊത്തിവയ്ക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ.

കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ഫിറ്റ്നസ് നൽകിയില്ല. തണ്ണിത്തോട് സ്വദേശിയുടെ പേരിലുള്ള ഈ വാഹനത്തിന് തണ്ണിത്തോട്ടിലെ സിപിഎം മുൻ പ്രാദേശികനേതാവാണു പണം മുടക്കിയതെന്ന ആരോപണമുയരുന്നുണ്ട്. നടപടി സ്വീകരിക്കാതെ വാഹനം വിട്ടുകിട്ടാൻ സിപിഎമ്മിന്റെ  ഉന്നതനായ ഒരു നേതാവ് സംഭവത്തിൽ ഇടപെട്ടെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തുടർന്ന് വാഹനം പുറത്തിറക്കില്ലെന്ന ധാരണയിൽ ഉടമയ്ക്കു വിട്ടുനൽകുകയായിരുന്നു.

തണ്ണിത്തോട് സ്വദേശി ശ്രീജിത് എന്നയാൾ 9 മാസം മുൻപ് മറ്റൊരാളിൽ നിന്നു വാങ്ങിയതാണ് ഈ ലോറി. എൻജിൻ നമ്പർ മാറിയത് സംബന്ധിച്ച് അറിവില്ലെന്നും ഉടമ അധികൃതരെ അറിയിച്ചിട്ടുണ്ട്. തണ്ണിത്തോട് സിപിഎമ്മിലെ വിഭാഗീയതയാണു സംഭവം പുറത്തുവരാൻ ഇടയാക്കിയത്. ഇക്കാര്യം സംബന്ധിച്ച് പലരും ഫോണിലൂടെ മോട്ടർ വാഹന വകുപ്പിനെ പരാതി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ജോയിന്റ് ആർടിഒ അന്വേഷണം നടത്തുന്നുണ്ട്.  റിപ്പോർട്ട് ആർടിഒയ്ക്കു കൈമാറും. തുടർന്ന് ഹിയറിങ് നടത്തി വാഹനത്തിന്റെ ഉടമയ്ക്കു വിശദീകരണത്തിന് അവസരം നൽകും.  ഈ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മോട്ടർവാഹന വകുപ്പ് എൻജിൻ നമ്പരിലെ വ്യത്യാസം അന്വേഷിക്കാൻ പൊലീസിനെ അറിയിക്കും.

English Summary:

The Motor Vehicle Department (MVD) in Pathanamthitta, Kerala, has discovered an attempt to fraudulently obtain a fitness certificate by tampering with the engine number of a tipper lorry. The incident, which took place at the Konni Joint RTO office, has sparked allegations of political interference and threats against officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com