പത്തനംതിട്ട ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവം
പത്തനംതിട്ട∙ ഉപജില്ലാ സ്കൂൾ കലോത്സവം ‘ധ്വനിക’ ഉദ്ഘാടനം 18ന് 9.30ന് ആന്റോ ആന്റണി എംപി നിർവഹിക്കും. നഗരസഭാ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും, ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. കലാ മത്സരങ്ങളുടെ ഉദ്ഘാടനം നടി ചൈതന്യ പ്രകാശ് നിർവഹിക്കും.
പ്രത്യേക സിറ്റിങ് 19ന്
പത്തനംതിട്ട ∙ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തിൽ അംശദായം സ്വീകരിക്കുന്നതിനും പ്രത്യേക അംഗങ്ങളെ ചേർക്കുന്നതിനും പ്രത്യേക സിറ്റിങ് 19 10ന് കോന്നി പഞ്ചായത്ത് ഓഫിസിൽ നടക്കും. അംശദായം അടയ്ക്കാൻ എത്തുന്നവർ ക്ഷേമനിധി ബുക്കും ആധാറിന്റെ പകർപ്പും കൊണ്ടുവരണം. 0468 2327415.
വാഹന കുടിശിക അദാലത്ത് 20ന്
പത്തനംതിട്ട ∙ വാഹനനികുതി ഒടുക്കിയിട്ടില്ലാത്തവർക്ക് (2020 മാർച്ച് 31നു ശേഷം) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി തുക അടയ്ക്കാൻ അവസരം. 20നു പത്തനംതിട്ട ആർടിഒ ഓഫിസിൽ രാവിലെ 11 നാണ് അദാലത്ത്. ആധാർകാർഡ് പകർപ്പ്, 200 രൂപ മുദ്രപ്പത്രത്തിൽ തയാറാക്കിയ സത്യവാങ്മൂലവും ഹാജരാക്കി നികുതി അടയ്ക്കാം. സത്യവാങ്മൂലം മാതൃക ആർടി ഓഫിസിൽ ലഭിക്കും. 04682222426.
മാർത്തോമ്മാ കൺവൻഷൻ
പത്തനംതിട്ട∙ പത്തനംതിട്ട സെന്റർ മാർത്തോമ്മാ കൺവൻഷൻ 21 മുതൽ 24 വരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടത്തും. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് കൺവൻഷൻ. 24ന് 8ന് വി.കുർബാന.
കേരള കോൺഗ്രസ് (എം)മാർച്ചും ധർണയും 19ന്
റാന്നി ∙ എൽ എ പട്ടയ ഭൂമിയിലെ തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി 19ന് 10.30ന് ഡിവിഷനൽ വനം ഓഫിസിലേക്കു മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷനാകും.
കഥകളിമേള ജനുവരി 6 മുതൽ
പത്തനംതിട്ട ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ 18 ാമത് കഥകളിമേള ജനുവരി 6 മുതൽ 12 വരെ അയിരൂർ കഥകളിഗ്രാമം ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ശ്രീ വിദ്യാധിരാജാ നഗറിൽ നടക്കും.