തീർഥാടന പാതകളിൽ അപര്യാപ്തത; സൗകര്യങ്ങളില്ലാതെ ഇടത്താവളം
Mail This Article
അത്തിക്കയം ∙ തീർഥാടനത്തിനു നട തുറന്നിട്ടും തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പഞ്ചായത്ത്. വെളിച്ചം ക്രമീകരിക്കുകയോ ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല. മാലിന്യം നിറഞ്ഞ സ്ഥലത്താണ് തീർഥാടകർ ഇന്നലെ ഭക്ഷണം പാകം ചെയ്തത്. നാറാണംമൂഴി പഞ്ചായത്തിലെ അറയ്ക്കമൺ ഇടത്താവളത്തിന്റെ സ്ഥിതിയാണിത്. മുക്കട–ഇടമൺ–അത്തിക്കയം–പെരുനാട് ശബരിമല പാതയിലെ പ്രധാന ഇടത്താവളമാണിത്.
അത്തിക്കയം പാലത്തോടു ചേർന്ന് അറയ്ക്കമൺ ജംക്‌ഷനിലാണ് തീർഥാടകർ വിശ്രമിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം താൽക്കാലിക ശുചിമുറികളുടെ നിർമാണം നടത്തിയെങ്കിലും കടവിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിലും ശുചിമുറി ഭാഗത്തും വെളിച്ചമില്ല. സന്ധ്യക്കു ശേഷം എത്തുന്ന തീർഥാടകർ ഇരുളിൽ തപ്പി തടയേണ്ട സ്ഥിതിയാണ്. അത്തിക്കയം പാലവും ഇരുട്ടിലാണ്. തീർഥാടന പാതകളിലെ വഴിവിളക്കുകളും കത്താതെ കിടപ്പുണ്ട്.
അത്തിക്കയം പാലം മുതൽ അറയ്ക്കമൺ ജംക്‌ഷൻ വരെ ശബരിമല പാതയുടെ ഇരുവശങ്ങളിലുമാണ് തീർഥാടക വാഹനങ്ങൾ പാർക്കിങ് നടത്തുന്നത്. ഇവിടെ പാത വീതി കൂട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വശങ്ങളിലെ കാടും പടലും തെളിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന ചെളിയും മാലിന്യവും നീക്കിയിട്ടില്ല. മറ്റു വാഹനങ്ങൾ പാർക്കിങ് നടത്താതിരിക്കാൻ ക്രമീകരണവും ഒരുക്കിയിട്ടില്ല.
ശബരിമല തീർഥാടനത്തിനു നട തുറന്നപ്പോൾ തന്നെ ഇതുവഴി വലിയ വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. എരുമേലി–ഇലവുങ്കൽ ശബരിമല പാതയിൽ വലിയ വാഹനങ്ങൾക്കു വിലക്കുള്ളതിനാൽ സ്വകാര്യ ടൂറിസ്റ്റ് ബസുകളെല്ലാം ഇതു വഴിയാണ് പമ്പയ്ക്കു പോകുന്നത്. അധികം ആളുകളും അറയ്ക്കമൺ ഇടത്താവളത്തിൽ വിശ്രമിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചാണു യാത്ര.
സൗകര്യങ്ങളില്ലാതെ ഇടത്താവളം
വടശേരിക്കര ∙ ശബരിമല തീർഥാടനം ആരംഭിച്ചിട്ടും ഇടത്താവളത്തിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യം നിർവഹിക്കാൻ സൗകര്യം ഒരുക്കിയില്ല. തീർഥാടന പാതയിലെ പ്രധാന ഇടത്താവളമായ വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപമുള്ള വിവിധ വകുപ്പുകളുടെ ശുചിമുറികളാണ് പ്രവർത്തനം ആരംഭിക്കാതെ തീർഥാടകരോട് അവഗണന കാട്ടിയത്. ശുചിമുറികൾ ഏറ്റെടുത്ത കരാറുകാരൻ വേണ്ട സൗകര്യം ഒരുക്കുകയോ മുറികൾ തുറന്നുകൊടുക്കുകയോ ചെയ്തില്ലെന്നാണു പരാതി.
പുറംനാടുകളിൽ നിന്നെത്തിയ തീർഥാടകർ പരാതിപ്പെട്ടതിനെ തുടർന്ന് അഖില ഭാരത അയ്യപ്പസേവാസംഘം ശാഖ പ്രസിഡന്റ് പി.ആർ.ബാലന്റെ നേതൃത്വത്തിൽ റാന്നി എംഎൽഎ, ജില്ലാ പഞ്ചായത്ത് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടു. അടിയന്തരമായി പരിഹാരം കാണാൻ എംഎൽഎ നിർദേശം നൽകി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വടശേരിക്കര പഞ്ചായത്ത്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, പെട്രോളിയം കോർപറേഷൻ എന്നിവ നിർമിച്ചു നൽകിയ നാൽപതോളം ശുചിമുറി സമുച്ചയങ്ങളാണ് ഇടത്താവളത്തിലുള്ളത്. അവ കൃത്യമായി പ്രവർത്തന സജ്ജമാക്കണമെന്ന് അയ്യപ്പ സേവാസംഘം അധികൃതരോട് ആവശ്യപ്പെട്ടു.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചെറുകോൽ ∙ കോഴഞ്ചേരി-റാന്നി റോഡിൽ പുതമൺ പാലത്തിന്റെ പുനർ നിർമാണം നടക്കുന്നതിനാൽ 18 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാര വാഹനങ്ങൾ ചെറുകോൽപുഴ-പേരൂർചാൽ-റാന്നി റോഡ് വഴി തിരിച്ചു വിടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ബിജെപി ധർണ
ഇട്ടിയപ്പാറ ∙ ശബരിമല തീർഥാടകരോടു കെഎസ്ആർടിസി കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും റാന്നി ഓപ്പറേറ്റിങ് സെന്റിൽ നിന്ന് പമ്പയ്ക്ക് ബസ് സർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഴവങ്ങാടി പഞ്ചായത്ത് കമ്മിറ്റി സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കരികുളം ഉദ്ഘാടനം ചെയ്തു. രാജേഷ്, കൃപാൽ സിങ്, സാബു, ലത പ്രസാദ്, ഡിലു, സഞ്ജു, രഘു, വിജയൻ എന്നിവർ പ്രസംഗിച്ചു. വിലക്കുകൾ ലംഘിച്ച് മൊബൈലിൽ അയ്യപ്പ വിഗ്രഹ ചിത്രീകരണം
ശബരിമല ∙ തിരുമുറ്റത്ത് നിയന്ത്രണം കടുപ്പിക്കുമ്പോഴും മൊബൈലിൽ അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രീകരണം നടക്കുന്നു. സാധാരണ ശ്രീകോവിലിലെ ചിത്രങ്ങൾ എടുക്കാൻ അനുവദിക്കാറില്ല. എന്നാൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് പോക്കറ്റിൽ ഇട്ടാണ് ചിലർ ദൃശ്യങ്ങൾ പകർത്തുന്നത്. ഇത് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു. പതിനെട്ടാംപടി കയറും മുൻപ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യണമെന്ന് ഉച്ചഭാഷിണിയിലൂടെ ദേവസ്വം ബോർഡ് അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല.
സുരക്ഷാ ഇടനാഴി തുറന്ന് സംസ്ഥാന ഗതാഗത വകുപ്പ്
നിലയ്ക്കൽ ∙ ശബരിമല ഭക്തർക്കു സുഗമമായ തീർഥാടനം ഉറപ്പാക്കി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ പ്രവർത്തനങ്ങൾക്കു തുടക്കം. ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ സേഫ് സോൺ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്ന് ഇലവുങ്കൽ കൺട്രോൾ റൂം സന്ദർശിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇലവുങ്കൽ കൺട്രോൾ സ്റ്റേഷനിൽ ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം ഉദ്ഘാടനം ചെയ്തു.ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. മുൻ സ്പെഷൽ ഓഫിസർ പി.ഡി സുനിൽ ബാബു, ആർടിഒമാരായ ഡി മഹേഷ്, എച്ച് അൻസാരി, സി ശ്യാം, കെ അജിത്കുമാർ, എൻ.സി അജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. ഇലവുങ്കൽ കേന്ദ്രീകരിച്ചാണ് പ്രധാന കൺട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുക. ഇവിടെ 24 മണിക്കൂറും പ്രവർത്തന സജ്ജമായ എട്ട് സ്ക്വാഡുകൾ ഉണ്ട്.
എരുമേലിയിലും കുട്ടിക്കാനത്തുമുള്ള സബ് കൺട്രോൾ സ്റ്റേഷനുകളിൽ 6 സ്ക്വാഡുകൾ വീതവും രംഗത്ത് ഉണ്ടാവും. ആംബുലൻസ്, ക്രെയിൻ, വർക്ക് ഷോപ്പ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽപ് ലൈനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊതു സമ്പർക്ക വിഭാഗം മീഡിയ സെന്റർ തുറന്നു
ശബരിമല ∙ സന്നിധാനത്ത് മാധ്യമ ഏകോപനത്തിനായി പിആർഡി മീഡിയ സെന്റർ ആരംഭിച്ചു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ഇൻഫർമേഷൻ ഓഫിസർ കെ.എസ്.സുമേഷ്, എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു എന്നിവർ പ്രസംഗിച്ചു.
സന്നിധാനത്ത് നവീകരിച്ച ഗെസ്റ്റ് ഹൗസ് ഉദ്ഘാടനം
ശബരിമല ∙ സന്നിധാനത്തെ നവീകരിച്ച ശബരി ഗെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസൻ നിർവഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.
ചികിത്സ ഉറപ്പാക്കി 125 അംഗ ഡോക്ടർ സംഘം
ശബരിമല ∙ തീർഥാടകർക്ക് സൗജന്യ ചികിത്സാ സഹായവുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 125 ഡോക്ടർമാരുടെ സംഘം. സന്നിധാനം സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് ഒപ്പമാണ് ഇവർ പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് ചികിത്സാ ആവശ്യത്തിനായി ആശുപത്രി എത്തുമ്പോൾ ഭാഷ പ്രശ്നമായിരുന്നു. ഇതോടെ ഭാഷാ പ്രശ്നമില്ലാതെ ഇവർക്ക് ചികിത്സ ഉറപ്പാക്കാൻ കഴിയും.
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 125 ഡോക്ടർമാർ ചേർന്ന് ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചാണ് സേവനത്തിന് എത്തിയത്. ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ ഹൈക്കോടതി പ്രത്യേക അനുമതി നൽകി. ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ഇവർ എത്തിയത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ. രാമനാരായണൻ ആണ് ഈ കൂട്ടായ്മയുടെ അമരക്കാരൻ.
മകരവിളക്ക് വരെ ബാച്ചുകളായിട്ടാണ് ഇവരുടെ പ്രവർത്തനം. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിലും പ്രമുഖ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പം ചേർന്ന് ഇവർ പ്രവർത്തിക്കും. അതിനാൽ ഏതു അടിയന്തിര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് ഇവർ എത്തിയത്. സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾ സന്നിധാനം ആശുപത്രിയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.