ADVERTISEMENT

ശബരിമല ∙ അടുത്ത ദിവസങ്ങളിൽ ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്ക് വിലയിരുത്തിയ ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ എണ്ണം കൂട്ടുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ.  കഴിഞ്ഞ 2 ദിവസവും പതിനെട്ടാംപടിയിൽ മിനിറ്റിൽ 75 മുതൽ 80 ഭക്തരെ കയറ്റിവിടാൻ പൊലീസിനു കഴിഞ്ഞു.   അതിനാൽ തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. മിനിറ്റിൽ 75 മുതൽ 85 ഭക്തരെ പതിനെട്ടാംപടി കയറ്റാൻ കഴിഞ്ഞാൽ വെർച്വൽ ക്യൂ ബുക്കിങ് വർധിപ്പിച്ചാലും പ്രശ്നമില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.

തീർഥാടകർക്ക്  കാത്തുനിൽപ് ഇല്ലാതെ ശരിയായ ദർശനത്തിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു. നേരത്തെ പതിനെട്ടാംപടിയിൽ ജോലി ചെയ്ത് പരിചയമുള്ള പൊലീസുകാരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഇവരോടൊപ്പം അടുത്തിടെ പാസിങ് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങിയ പൊലീസ് സേനാംഗങ്ങളെയും ഉൾപ്പെടുത്തി.

വെള്ളിയാഴ്ച 30,000 പേർ ബുക്ക് ചെയ്തതിൽ  26,942 പേർ എത്തി. ഇതിനു പുറമേ പമ്പയിൽ തത്സമയ ബുക്കിങ് നടത്തി 1872 പേരും എത്തി. വിഐപി ഉൾപ്പെടെ ആകെ 30,687 ഭക്തർ‌ വെള്ളിയാഴ്ച വൈകിട്ട് നട തുറന്ന ശേഷം ദർശനം നടത്തി.ഇന്നലെ 70,000 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്തിരുന്നു. രാവിലെ 9 വരെ 26,601  പേർ വെർച്വൽ ക്യൂ വഴിയും 2336 പേർ തത്സമയ ബുക്കിങ് വഴിയും ദർശനം നടത്തി. കാര്യമായ കാത്തുനിൽപ് ഇല്ലാതെ തീർഥാടകർക്കു ദർശനം ലഭിച്ചതോടെ വലിയ നടപ്പന്തലിലെ ക്യൂ കുറഞ്ഞു. ഇതേ തുടർന്നാണ് വെർച്വൽ ക്യൂ എണ്ണം വർധിപ്പിക്കാൻ ആലോചന തുടങ്ങിയത്.

ദർശനത്തിനെത്തിയത് ആയിരങ്ങൾ
പന്തളം ∙ മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച ഇന്നലെ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് ആയിരക്കണക്കിന് ഭക്തർ. പുലർച്ചെ നട തുറന്നത് മുതൽ ഭക്തരുടെ നീണ്ട നിര കാണപ്പെട്ടു. സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനത്തിനും ഇക്കുറി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. 

ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അന്നദാനത്തിലും ഒട്ടേറെ ഭക്തർ പങ്കുകൊണ്ടു. ക്ഷേത്ര പരിസരത്ത് നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ ഭക്തരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.   അതേസമയം, മെഡിക്കൽ യൂണിറ്റ്, അഗ്നിരക്ഷാസേന അടക്കം പ്രവർത്തനസജ്ജമായിട്ടുണ്ട്. വിശുദ്ധിസേനയുമെത്തി.

English Summary:

This article provides the latest updates on the Sabarimala pilgrimage, highlighting increased efficiency in managing devotee flow and potential increases in virtual queue bookings. It also covers the Mandala Festival at the Valiyakoikal Dharmashasta Temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com