അരങ്ങിലെത്താതെ കഥകളി മ്യൂസിയം; സ്ഥലം കാടുകയറി
Mail This Article
അയിരൂർ കഥകളിഗ്രാമം ∙ കഥകളി മ്യൂസിയത്തിനായി റാന്നി റോഡിൽ ചെറുകോൽപുഴ പാലം ജംക്‌ഷനിൽ മ്യൂസിയം നിർമിക്കുന്നതിനു ലഭിച്ച 8.5 സെന്റ് സ്ഥലം കാടുകയറിക്കിടക്കുന്നു. ജില്ലാ കഥകളി ക്ലബ്ബിന്റെ സ്ഥലമാണ് പഞ്ചായത്തിനു കൈമാറി പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ‘തദ്ദേശ സ്ഥാപനത്തിൽ ഒരു ഡെസ്റ്റിനേഷൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അയിരൂർ കഥകളി ഗ്രാമത്തെ തിരഞ്ഞെടുത്തത്. സമീപന പാത ഉൾപ്പെടെ 10 സെന്റ് സ്ഥലമാണ് പദ്ധതിക്കുള്ളത്. ഒന്നരക്കോടി രൂപ ചെലവിട്ടാണ് മ്യൂസിയം ഒരുങ്ങുക. അതിൽ പകുതി വിനോദസഞ്ചാര വകുപ്പും ബാക്കി തുക തദ്ദേശഭരണ സ്ഥാപനങ്ങളുമാണ് കണ്ടെത്തേണ്ടത്. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ആന്റോ ആന്റണി എംപിയും 15 ലക്ഷം രൂപ പ്രമോദ് നാരായൺ എംഎൽഎയും നൽകാമെന്നു വാക്കുനൽകുകയും ചെയ്തിരുന്നു.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം പ്രോജക്ട് റിപ്പോർട്ട് തയാറാക്കി. തുടർന്ന് മണ്ണു പരിശോധനയും സ്ട്രക്ചറൽ ഡിസൈനിങ്ങും നടത്തി. പിന്നീടു വേണ്ട സാങ്കേതിക അനുമതി നേടേണ്ട ഘട്ടത്തിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി തടസ്സവാദം ഉന്നയിക്കുകയും പദ്ധതി മുടങ്ങുകയുമായിരുന്നു. 12 വാഹനങ്ങളെങ്കിലും പാർക്ക് ചെയ്യാനുള്ള സൗകര്യം ഇല്ല എന്നതാണ് ഇതിന് ആധാരമായത്. ആ സെക്രട്ടറി സ്ഥലം മാറിപ്പോയെങ്കിലും തടസ്സമുന്നയിച്ച വിഷയത്തിൽ നടപടി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത് അധികൃതർ. മ്യൂസിയം നിർമാണം സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങി ചെയ്യാൻ കഴിയുമോ എന്നു നോക്കണമെന്ന ആവശ്യമാണ് കഥകളി പ്രേമികൾ ഉയർത്തുന്നത്.
പരമ്പരാഗത ശൈലിയിൽ നിർമിക്കുന്ന മ്യൂസിയത്തിൽ തെക്ക്, വടക്ക് സമ്പ്രദായത്തിലുളള കഥകളി കിരീടങ്ങളുടേയും മെയ്ക്കാപ്പുകളുടേയും പ്രദർശനം, കഥകളിയിലെ മുഴുവൻ വേഷങ്ങളും അണിയിച്ച ശിൽപങ്ങൾ, കഥകളി കോപ്പുകളുടെ നിർമാണ വിധികൾ, മുഖത്തെഴുത്തിനുളള നിറക്കൂട്ടുകൾ, കഥകളി നടൻമാർ കണ്ണ് ചുവപ്പിക്കുന്ന രീതി, കഥകളി വാദ്യങ്ങൾ എന്നിവയുണ്ടാകും. ഭാരതീയ രംഗകലാ സംബന്ധിയായ പുസ്തകശേഖരവും ഇവിടെ ഉണ്ടാകും.