മണ്ഡലച്ചിറപ്പിന്റെ ചൈതന്യത്തിൽ ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം
Mail This Article
കോന്നി∙ വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് ദിവസം വരെയും ചിറപ്പ് ഉള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് കോന്നി ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രം. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്കു സ്വീകരണം നൽകുന്ന ദിവസം മുതൽ നാലുനാൾ മണ്ഡല ഉത്സവം വിപുലമായി നടത്തുന്നു. 41വിളക്ക്, മകരവിളക്ക് ദിവസം സമൂഹസദ്യ, സംക്രമസന്ധ്യയിൽ നെയ്യഭിഷേകം, സഹസ്രനീരാജനം എന്നിവയോടെയാകും മണ്ഡല ഉത്സവം സമാപിക്കുക.
വിശേഷാൽ പൂജകൾ
എല്ലാ വർഷവും മിഥുന മാസത്തിലെ ചോതി നക്ഷത്രത്തിൽ പ്രതിഷ്ഠാവാർഷികവും കലശപൂജയും നടത്തുന്നു. എല്ലാമാസവും ഉത്രം നാളിലും മലയാള മാസം ആദ്യ ഞായറാഴ്ചയും അന്നദാനം ഉണ്ടായിരിക്കും. പൗർണമി ദിവസം പൗർണമി പൂജയും നടത്തുന്നു. ശാന്തിക്കും മനസ്സമാധാനത്തിനുമായുള്ള ശിവ, വൈഷ്ണവ പൂജകളും പ്രത്യേകതയാണ്.
കൊടി എഴുന്നള്ളത്ത്
എല്ലാ വർഷവും ഉത്സവത്തോടനുബന്ധിച്ച് ഈ കരയിലും ചുറ്റുപാടും ചിറ്റൂർ മഹാദേവർ ക്ഷേത്രത്തിലും കൊടി എഴുന്നള്ളിപ്പ് നടത്തുന്നു. മേടമാസത്തിലെ പത്താമുദയത്തിന് ക്ഷേത്രക്കൊടി ആഞ്ഞിലികുന്ന് കോട്ടപ്പാറ മലയിൽ എഴുന്നള്ളിച്ച് പടയണിക്കു ശേഷം തിരികെയെത്തിക്കും. ക്ഷേത്ര പുനഃപ്രതിഷ്ഠയും ദേവപ്രശ്ന പരിഹാരക്രിയകളും നടത്തി ധർമശാസ്താവ് അഭീഷ്ടദായകനായി വാണരുളുന്നു. പി.സി.ശരത് കുമാർ പ്രസിഡന്റും വി.പി.തങ്കപ്പൻ നായർ സെക്രട്ടറിയും കെ.സുരേഷ് കുമാർ ട്രഷററുമായ ഭരണസമിതി നേതൃത്വം നൽകുന്നു.