ഹേമ കമ്മിറ്റി റിപ്പോർട്ടിനായി മുട്ടാത്ത വാതിലുകളില്ല: ദീദി ദാമോദരൻ
Mail This Article
അടൂർ ∙ ഫിലിം സൊസൈറ്റി, സ്വതന്ത്ര്യ സിനിമ പ്രസ്ഥാനങ്ങളെ ‘അമ്മ’യെയും ഫെഫ്കയെയും പോലെയല്ല കണ്ടിരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാതെ വച്ചുതാമസിപ്പിച്ച പ്രശ്നത്തിൽ അവരുടെ സംഘടിത ശക്തി ഉപയോഗിക്കപ്പെട്ടിട്ടില്ലെന്നു പറയുന്നത് ഇപ്പോഴെങ്കിലും ആത്മ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ചലച്ചിത്ര പ്രവർത്തക ദീദി ദാമോദരൻ പറഞ്ഞു. അടൂർ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രസംഗത്തിനിടയിൽ ഒരു ഖേദം രേഖപ്പെടുത്താതെ പോകുന്നത് ശരിയല്ല എന്നു പറഞ്ഞായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള പരാമർശം. സിനിമയെന്ന തൊഴിലിടത്തിൽ സ്ത്രീകൾ എന്താണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പഠിക്കാൻ ഡബ്ല്യുസിസി കഷ്ടപ്പെട്ട് മുന്നോട്ട് വയ്ക്കുകയും സർക്കാർ അനുവദിക്കുകയും ചെയ്ത ഹേമ കമ്മിറ്റി റിപ്പോർട്ട് നാലു വർഷവും ഏഴു മാസവും കോൾഡ് സ്റ്റോറേജിൽ ഇരിക്കുമ്പോഴും വ്യക്തിപരമായും മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നുവെന്നും ആരും കൂടെ നിന്നില്ലെന്നും അവർ പറഞ്ഞു. ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ദിവ്യ റജി മുഹമ്മദ്, സംവിധായകരായ ഡോ. ബിജു, പ്രേംചന്ദ്, ബോധിഗ്രാം സ്ഥാപക പ്രസിഡന്റ് ജെ.എസ്.അടൂർ, പ്രീത് ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.