കോഴ്സ് തീരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ അമ്മു ജീവനൊടുക്കാൻ സാധ്യതയില്ല; ദുരൂഹത ആരോപിച്ച് കുടുംബം
Mail This Article
പത്തനംതിട്ട / തിരുവനന്തപുരം ∙ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് കുടുംബം. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്നു വീണു മരിച്ചത്.
സഹപാഠികളിൽ ചിലരുടെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒപ്പം പഠിക്കുന്ന 2 വിദ്യാർഥിനികൾ ഹോസ്റ്റലിൽ വച്ച് മാനസികമായി ഉപദ്രവിച്ചിരുന്നതായി അമ്മു നേരത്തേ പിതാവ് സജീവിനോട് പറഞ്ഞിരുന്നു. തുടർന്ന് സജീവ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. അമ്മുവിന്റെ മരണം സംബന്ധിച്ച പരാതി പൊലീസിനു നൽകാനും മറ്റു നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായും കുടുംബം അറിയിച്ചു.
മരണമുണ്ടായ അന്നു വൈകിട്ട് 4ന് അമ്മു മാതാപിതാക്കളെയും സഹോദരൻ അഖിലിനെയും വിളിച്ചിരുന്നു. സംസാരത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്ന് കുടുംബം പറഞ്ഞു. കോഴ്സ് തീരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ അമ്മു ജീവനൊടുക്കാൻ സാധ്യതയില്ലെന്നും വീട്ടുകാർ പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ വീട് സന്ദർശിച്ച് സാധ്യമായതെല്ലാം ചെയ്യാമെന്ന ഉറപ്പുനൽകിയെന്നും കുടുംബം പറഞ്ഞു.
ഇന്ന് മൊഴിയെടുക്കും
സംഭവത്തിൽ പത്തനംതിട്ട പൊലീസ് ഇന്ന് അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും. മുഴുവൻ കുട്ടികളും ഇന്നു ഹാജരാകണമെന്നു പ്രിൻസിപ്പൽ പ്രഫ. എൻ.അബ്ദുൽ സലാം നിർദേശം നൽകി. സഹപാഠികളിൽ നിന്നു മാനസിക പ്രയാസം നേരിടുന്നെന്നറിയിച്ച് ഒരാഴ്ച മുൻപ് അമ്മുവിന്റെ അച്ഛൻ ഇമെയിൽ മുഖേന പരാതി നൽകിയിരുന്നു. ഇതനുസരിച്ച് 3 സഹപാഠികൾക്ക് മെമ്മോ നൽകി. അന്വേഷണത്തിന് അധ്യാപക സമിതിയെ നിയമിക്കുകയും പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും കഴിഞ്ഞ ബുധനാഴ്ച കോളജിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരൻ അസൗകര്യം അറിയിച്ചതോടെ യോഗം ഇന്നത്തേക്ക് മാറ്റി. ഇതിനിടയിലാണ് മരണമെന്നും അദ്ദേഹം പറഞ്ഞു. അമ്മുവിന്റെ മരണത്തിൽ അനുശോചനം അറിയിക്കാനായി കോളജിൽ ഇന്ന് യോഗം ചേരും.