ADVERTISEMENT

ശബരിമല∙ പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്ന തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഒരു റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റു കൂടി തുടങ്ങി. കനിവ് 108 ആംബുലൻസ് പദ്ധതിക്കു കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്‌ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റെസ്‌ക്യൂ വാൻ, ഐസിയു ആംബുലൻസ് എന്നിവയും പുതിയതായി എത്തി. അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നും ഉപകരണങ്ങളും ഇതിലുണ്ട്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ആയിരിക്കും ഇത് പ്രവർത്തിക്കുക. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നിഷന്റെ സേവനം ഈ വാഹനത്തിൽ ഉണ്ട്.

ആരോഗ്യ വകുപ്പ്, കനിവ് 108 എന്നിവയുടെ ആംബുലൻസിനു പുറമേയാണിത്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസും പമ്പയിൽ എത്തിയിട്ടുണ്ട്. ഒരു രോഗിയെ കിടത്തി കൊണ്ടു പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോട് കൂടിയതാണു ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.

പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്.പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിൽ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനാണ് ഐസിയു ആംബുലൻസ് . ഇതിൽ ഡീഫ്രിബിലേറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ ഉണ്ട്.

English Summary:

A new Rapid Action Medical Unit, operating under the Kaniv 108 Ambulance scheme, has been established at Pamba Hospital to provide immediate medical attention to pilgrims suffering heart attacks during the arduous climb from Pamba to Sannidhanam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com