ശരണവഴികൾ സുരക്ഷിതമാക്കി കേരള പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിച്ചു
Mail This Article
ശബരിമല∙ തീർഥാടകരുടെ സുരക്ഷയ്ക്കൊപ്പം ശരണവഴികളിൽ മോഷണം തടയാനും അനുഭവ പരിചയമുള്ള പൊലീസ് സംഘത്തെ നിയോഗിച്ചതായി സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.ഇ.ബൈജു പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടി കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ് ഇവർ.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടിക്കും ഇത് സഹായിക്കും.ഇത്തവണ ഒരു പോക്കറ്റടി മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പോക്കറ്റടി കൂടുതലായി നടക്കാറുള്ള അപ്പാച്ചിമേട് ഭാഗത്ത് പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോയാലോ പൊലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള ക്രമീകരണം സന്നിധാനം സ്റ്റേഷനിൽ ഉണ്ട്. പതിനെട്ടാംപടിയിൽ ഇരുന്നു പൊലീസിനു ഡ്യൂട്ടി ചെയ്യാനുള്ള സംവിധാനം ഗുണം ചെയ്തു.
തന്ത്രിമാരുടെ ഉപദേശം തേടി ദേവസ്വം ബോർഡാണ് ക്രമീകരണം ഒരുക്കിയത്. പതിനെട്ടാം പടിയെ ബാധിക്കാത്ത വിധത്തിലാണ് ഇതിനുള്ള സൗകര്യം ചെയ്തത്. ഒരേസമയം 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ തീർഥാടകരെ സഹായിക്കാൻ ഉള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റും. സോപാനത്തിനു മുൻപിലെത്തി തൊഴുത ശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ ആരെയും ദർശനത്തിന് അനുവദിക്കില്ല. വിഐപി അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലൂടെ എത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി ദർശനത്തിനു സൗകര്യം ചെയ്തു.