വടശേരിക്കര പുതിയ പാലം: നീണ്ടുനീണ്ട് നാടിന്റെ സ്വപ്നം; കിഫ്ബി കനിയണം, പുതിയ പാലം വരാൻ
Mail This Article
വടശേരിക്കര ∙ അടുത്ത ശബരിമല തീർഥാടനത്തിനു മുൻപെങ്കിലും വടശേരിക്കര പുതിയ പാലത്തിന്റെ നിർമാണം തുടങ്ങുമോ? പാലത്തിന്റെയും സമീപന റോഡിന്റെയും നിർമാണത്തിനു സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ. മണ്ണാറക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിലാണു പുതിയ പാലം നിർമിക്കേണ്ടത്. നിലവിൽ വടശേരിക്കരയിൽ കല്ലാറിനു കുറുകെ പാലമുണ്ടെങ്കിലും വീതി കുറവാണ്.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ നിർമാണ കാലത്തു കെഎസ്ഇബി നിർമിച്ച പാലമാണിത്. 2 വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകാനുള്ള വീതിയേ പാലത്തിനുള്ളൂ. വാഹനങ്ങളെത്തുമ്പോൾ കാൽനടക്കാർ ഓടി മാറേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാൻ നടപ്പാലം നിർമിക്കാൻ കരാർ ചെയ്തിരുന്നു. സാങ്കേതിക തടസ്സങ്ങൾ മൂലം നിർമാണം നടന്നില്ല. തുടർന്നാണു വർധിച്ചു വരുന്ന തീർഥാടക തിരക്കു കണക്കിലെടുത്തു പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. നിലവിലെ പാലത്തിനു താഴെയായി പണി നടത്തുന്നതിനു രൂപരേഖ തയാറാക്കിയിരുന്നു.
നിർമാണം കരാർ ചെയ്തതുമാണ്. നിലവിലെ പാലത്തിന്റെ തൂണുകൾക്കു സമാന്തരമായിട്ടാണു പുതിയതിനു രൂപരേഖ തയാറാക്കിയത്. ഇത് ആറ്റിലെ നീരൊഴുക്കിനു പ്രതികൂലമാകുമെന്നു കണ്ടാണു പണി നടത്താതിരുന്നത്. പിന്നീടു നിർദിഷ്ട രൂപരേഖയിൽ മാറ്റം വരുത്തി. 10 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. പാലത്തിനും സമീപന റോഡിനും ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമായ 19 (1) പുറത്തിറക്കിയിരുന്നു. സ്ഥലത്തിന്റെ വില നൽകുകയെന്ന കടമ്പയാണു ബാക്കി. ഇതിനുള്ള തുക കിഫ്ബി റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ അടയ്ക്കണം. ഇതിനുള്ള നടപടി വൈകുന്തോറും പാലത്തിന്റെ കരാർ അടക്കമുള്ള തുടർ നടപടികളും വൈകും.