രാത്രി പകലാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 3000 ലൈറ്റുകൾ
Mail This Article
ശബരിമല∙ തീർഥാടകർക്കു പകൽ പോലെ വെളിച്ചം നൽകാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 3000 ലൈറ്റുകൾ. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ മുൻകരുതൽ. ലൈറ്റുകളിൽ 300 എണ്ണം ഒഴികെ ബാക്കി മുഴുവൻ സ്ഥിരം സംവിധാനമാക്കി. പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് കെഎസ്ഇബി. മുടങ്ങാതെ വൈദ്യുതി നൽകുന്നതിന് പഴുതുകൾ ഇല്ലാത്ത സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിട്ടുള്ളത്. ഇത്തവണ തീർഥാടന ഒരുക്കങ്ങൾ 3 മാസം മുൻപ് തുടങ്ങി. വൈദ്യുതി തടസ്സം പൂർണമായും ഒഴിവാക്കാൻ എല്ലാ 11 കെവി, എൽടി ലൈനുകൾ എബിസി കേബിൾ അക്കി. അതിനു പുറമേ കുരങ്ങൾക്കു ഷോക്ക് ഏൽക്കാതിരിക്കാൻ മങ്കി ഗാർഡും സ്ഥാപിച്ചു. കൊച്ചുപമ്പയിൽ നിന്നു വനത്തിലൂടെ 4 ഫീഡർ ലൈൻ വഴിയാണ് ത്രിവേണി സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചിട്ടുള്ളത്.
കൊച്ചുപമ്പ മുതൽ ത്രിവേണി വരെ വനത്തിലൂടെ ഹൈടെൻഷൻ ലൈൻ കടന്നു പോകുന്ന ഭാഗത്തെ മരങ്ങളുടെ ചില്ലകൾ, അടിക്കാട് എന്നിവ തെളിച്ചു. പമ്പയിൽ നിന്നു സന്നിധാനത്തേക്കും വൈദ്യുതി എത്തുന്നത് എബിസി കേബിൾ വഴിയാണ്. ഇതിന്റെയും അറ്റകുറ്റപ്പണി നടത്തി. തീർഥാടകർ വിരിവയ്ക്കുന്നതും പതിനെട്ടാംപടി കയറാനായി കാത്തുനിൽക്കുന്ന സ്ഥലങ്ങൾ, പാണ്ടിത്താവളം, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു പ്രഭാപൂരിതമാക്കി.38 ട്രാൻസ്ഫോമറാണ് ഉള്ളത്. എല്ലാത്തിന്റെയും അറ്റകുറ്റപ്പണി നടത്തി.
10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള നിലയ്ക്കൽ 1500 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. റാന്നി പെരുനാട് സെക്‌ഷന്റെ കീഴിലാണ് സന്നിധാനവും പമ്പയും. നിലയ്ക്കൽ പാർക്കിങ് മേഖല കക്കാട് സെക്‌ഷന്റെ പരിധിയിലും. അസിസ്റ്റന്റ് എൻജിനീയർമാരുടെ കീഴിലാണ് ഓരോ മേഖലയും. കരാർ തൊഴിലാളികൾ ഉൾപ്പെടെ 100 ജീവനക്കാരും ഉണ്ട്.