കോഴഞ്ചേരി - തുമ്പമൺ - അടൂർ റോഡ്: പുതിയപാതയ്ക്ക് നടപടിയില്ല
Mail This Article
കുഴിക്കാല ∙ സമരരംഗത്തേക്ക് ഇറങ്ങിയപ്പോൾ പ്രദേശവാസികൾ ആഗ്രഹിച്ചത് പുതിയ പാതയാണ്. എന്നാൽ, അറ്റകുറ്റപ്പണി നടത്തി പഴയ റോഡിനെ 'പരിപാലിക്കാനാണ്' അധികൃതരുടെ തീരുമാനം. കോഴഞ്ചേരി - തുമ്പമൺ - അടൂർ റോഡിലാണു കുഴികൾ അടച്ചുള്ള താൽക്കാലിക മിനുക്കൽ. സമീപ പ്രദേശങ്ങളിലെ റോഡുകൾ വരെ ഉന്നത നിലവാരത്തിലേക്കു മാറിയപ്പോഴും ഈ പാതയിലെ വികസനം കുഴി അടയ്ക്കലിൽ ഒതുങ്ങി എന്നാണു നാടിന്റെ പരാതി. വീണ്ടും സമരപാതയിൽ ഇറങ്ങണമെന്ന ആവശ്യം പ്രദേശവാസികളിൽ ശക്തമായിട്ടുണ്ട്.
ശബരിമല തീർഥാടനകാലത്ത് എരുമേലി ലക്ഷ്യമാക്കി ഒട്ടേറെ വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡ് ആയിരുന്നു ഇത്. എന്നാൽ, ഇപ്പോൾ ഈ പ്രവാഹത്തിന് ഈ വഴി കുറവ് വന്നു. കെഎസ്ആർടിസിയും സർവീസ് ഒതുക്കി.പുതിയ റോഡിനായുള്ള ആവശ്യം ഏറെക്കാലമായി അവഗണിക്കപ്പെട്ടപ്പോൾ ഒറ്റക്കെട്ടായി പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയവരാണു പ്രദേശവാസികൾ. തകർന്ന റോഡുകളിലൂടെയുള്ള യാത്ര അത്രത്തോളം ദുരിതം നൽകിയിരുന്നു. പൊതുമരാമത്ത് ഓഫിസിനു മുന്നിൽ ധർണയും ഒപ്പ്ശേഖരണവും നിവേദനവുമായി പ്രതിഷേധം മുറുകി. ആദ്യം അറ്റകുറ്റപ്പണി എന്ന നിലപാട് അറിയിച്ച അധികൃതർ ഇതിനായി ഒരു കോടിക്കു മേൽ തുക വേണ്ടിവരുമെന്നും വ്യക്തമാക്കി. അറ്റകുറ്റപ്പണി മുൻപും നടത്തിയിട്ടുണ്ടെന്നും ‘ആശ്വസിപ്പിച്ചു’.
മാസങ്ങൾ പിന്നിടുമ്പോൾ റോഡ് തകർച്ചയാണ് ഉണ്ടാവുന്നതെന്നും പ്രദേശവാസികൾ പറയുന്നു.വാഹനയാത്രക്കാരും നേരിടുന്ന പ്രയാസം ചെറുതല്ല. 22 കിലോമീറ്ററാണു കോഴഞ്ചേരി-തുമ്പമൺ -അടൂർ റോഡിനുള്ളത്. ഈ പാതയുടെ നിർമാണ ചുമതല കിഫ്‌ബിക്കാണു നൽകിയത്. പക്ഷേ, പ്രാരംഭനടപടിപോലും ആരംഭിച്ചതുമില്ല.