ADVERTISEMENT

ശബരിമല∙സന്നിധാനത്തിന്റെയും തീർഥാടകരുടെയും സുരക്ഷയ്ക്കു കേന്ദ്ര സേനയെ നയിക്കാൻ അനുഭവസമ്പത്തുള്ള ജി.വിജയൻ എത്തിയതിന്റെ ആശ്വാസത്തിലാണു ദേവസ്വം ബോർഡ്. കേരളം, തമിഴ്നാട്, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ ഉൾപ്പെടുന്ന ആർഎഎഫ് കോയമ്പത്തൂർ ബറ്റാലിയൻ ഡെപ്യൂട്ടി കമൻഡാന്റായ ജി.വിജയൻ കൊല്ലം കടവൂർ നീരാവിൽ സ്വദേശിയാണ്. അദ്ദേഹത്തിന്റെ  ശബരിമല സേവനത്തിന്റെ 17ാം വർഷമാണിത്.

നേരത്തെ ക്ഷേത്രത്തിനു സുരക്ഷാ ഭീഷണി, തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കു ജീവഹാനി എന്നിവ ഉണ്ടായപ്പോഴാണ് സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടിയത്. കേന്ദ്ര ദ്രുതകർമ സേന, കേന്ദ്ര ദുരന്ത നിവാരണ സേന എന്നീ 2  സേനയും ശബരിമലയിൽ എത്താൻ തുടങ്ങിയ കാലം മുതൽ അതിനെ നയിക്കാൻ വിജയൻ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മണിപ്പൂര് കാല ഭൂമിയിൽ കേന്ദ്ര സേനയെ നയിക്കേണ്ടി വന്നതിനാൽ ശബരിമലയിൽ എത്താൻ കഴിഞ്ഞില്ല. അതിന്റെ കുറവ് കഴിഞ്ഞ വർഷം ശരിക്കും അനുഭവപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അതിനാൽ എല്ലാ യോഗങ്ങളിലും വിജയന്റെ നേതൃത്വത്തിലുള്ള  കോയമ്പത്തൂർ ബറ്റാലിയൻ വേണമെന്ന് ആവശ്യപ്പെടുമായിരുന്നു.

അദ്ദേഹം കേന്ദ്ര ദ്രുത കർമ സേന(ആർഎഎഫ്)യിലായിരുന്നപ്പോഴാണ് 2008ൽ ആദ്യമായി കേന്ദ്രസേന ശബരിമല ഡ്യൂട്ടിക്ക് എത്തുന്നത്. ഇടക്കാലത്ത് 5 വർഷം ദേശീയ ദുരന്ത നിവാരണ സേനയിലേക്ക് ഡപ്യൂട്ടേഷനിൽ പോയി. അപ്പോഴും ശബരിമലയിൽ കേന്ദ്ര സേനയെ നയിക്കാൻ അവസരം കിട്ടി. വീണ്ടും ദ്രുതകർമ സേനയിൽ എത്തിയപ്പോഴും ദൗത്യം അദ്ദേഹത്തെ തേടി എത്തി. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയ്ക്കു പ്രത്യേക പരിഗണന നൽകുന്നതിനാൽ എല്ലാ ആധുനിക യന്ത്രത്തോക്കുകളുമായാണു സേനാംഗങ്ങൾ എത്തിയത്. ആർഎഎഫിൽ 139 അംഗങ്ങൾ ഉണ്ട്.

2013ൽ ആന്ധ്രയിൽ ആഞ്ഞുവീശിയ പൈലിൻ കൊടുങ്കാറ്റ്, 2015ൽ തമിഴ്നാട്ടിലെ വെള്ളപ്പൊക്കം, 2014ൽ വിശാഖപട്ടണം കൊടുങ്കാറ്റ്,  2018ൽ കേരളത്തിലെ മഹാപ്രളയം എന്നിവയിൽ രക്ഷാപ്രവർത്തനത്തിനു കേന്ദ്ര സേനയെ നയിച്ചതും വിജയനാണ്. അതിനു രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. കഴിഞ്ഞ വർഷം മണിപ്പുരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചപ്പോഴേക്കും പോരാട്ടത്തിലൂടെ അക്രമികളെ തുരത്താൻ നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.

വലിയ തിക്കും തിരക്കും ഉണ്ടാകുമ്പോൾ പൊലീസിന്റെ നിർദേശങ്ങൾക്കായി കാത്തുനിൽക്കാതെ ഭക്തരുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നയിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതാണ് സന്നിധാനത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. വിജയന്റെ നേതൃത്വത്തിലുള്ള ആർഎഎഫ് സംഘം ഉള്ളത് പൊലീസിനും കരുത്തേകുന്നു.

English Summary:

In a bid to enhance security measures at the Sabarimala Temple, the Devaswom Board expresses relief with the appointment of G. Vijayan, an experienced officer, to lead the Central forces. This move aims to guarantee the safety and well-being of both the temple and the pilgrims visiting it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com