കലയുടെ കാഴ്ചകളിൽ മനം നിറഞ്ഞ് ഗവിയിലെ കുട്ടികൾ
Mail This Article
പത്തനംതിട്ട ∙ കലോത്സവത്തിന്റെ വർണപ്പകിട്ടും കൗതുകക്കാഴ്ചകളും നേരിൽ കണ്ടു മനം നിറഞ്ഞിരിക്കുകയാണു ഗവി ഗവ.എൽപി സ്കൂളിലെ വിദ്യാർഥികൾ. ആദ്യമായാണ് ഈ സ്കൂളിലെ കുട്ടികൾ പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ആകെയുള്ള 19 കുട്ടികളിൽ 8 പേരും വിവിധയിനങ്ങളിൽ മത്സരിക്കാനെത്തി. വന മേഖലയിലുള്ള ഗവിയിൽ നിന്ന് പലരും വണ്ടിപ്പെരിയാറോ തമിഴ്നാടിന്റെ ഭാഗങ്ങളോ അല്ലാതെ മറ്റൊരു സ്ഥലത്തേക്കു യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്. എൽപി വിഭാഗം ജലച്ഛായത്തിൽ മൂന്നാം ക്ലാസിലെ എസ്.ഹർഷിണി ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമാവുകയും ചെയ്തു. ജില്ലയിലെ ഏക തമിഴ് മീഡിയം സ്കൂളാണിത്. ഇന്നു നടക്കുന്ന തമിഴ് പദ്യം ചൊല്ലൽ, പ്രസംഗം, ദേശഭക്തിഗാനം ഉൾപ്പെടെ കുട്ടികൾ മത്സരിക്കുന്നുണ്ട്.
കുട്ടികൾ കുറുമ്പു കാട്ടുമ്പോൾ ഒപ്പമുള്ള പ്രധാനാധ്യാപിക ഷക്കീല ബീവിയുടെയും പാലക്കാട് സ്വദേശിനി എസ്.ജ്യോതിയുടെയും വണ്ടിപ്പെരിയാർ സ്വദേശി എസ്.വിനോദിന്റെയും ചെറിയ ശാസനകൾ തമിഴിലാണ്. എല്ലാറ്റിനും സഹായിയായി സ്കൂളിലെ താൽക്കാലിക ജീവനക്കാരി ഇരുളായി ഗുരുസ്വാമിയും ഒപ്പമുണ്ട്.
ഇത്തവണ കുട്ടികൾക്ക് പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത് പത്തനംതിട്ട ഉപജില്ലാ എഇഒ ടി.എസ്.സന്തോഷ്കുമാറിന്റെയും സ്കൂൾ പ്രധാനാധ്യാപിക സി.എം.ഷക്കീല ബീവിയുടെയും ഇടപെടലാണ്. പ്രധാനാധ്യാപിക പത്തനംതിട്ട സ്വദേശിനി സി.എം.ഷക്കീല ബീവി ഈ അധ്യയന വർഷം സർവീസിൽ നിന്നു വിരമിക്കും. അതിനു മുൻപ് കുട്ടികൾക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ ഒരവസരം നൽകണമെന്ന അധ്യാപികയുടെ ആഗ്രഹവും സഫലമായി.
‘ഇനി ഈ കുട്ടികളുമായി ഒരു വിനോദയാത്ര കൂടി പോകണം’, ഷക്കീല ബീവി ടീച്ചർ വിരമിക്കും മുൻപുള്ള തന്റെ ഒരാഗ്രഹം കൂടി പങ്കുവച്ചു. പത്തനംതിട്ടയിൽ തന്നെയുള്ള പ്രധാനാധ്യാപികയുടെ വീട്ടിലാണു കഴിഞ്ഞ 3 ദിവസമായി 8 കുട്ടികളുടെ താമസം. കലോത്സവം പൂർത്തിയായ ശേഷം ഇവർ നാളെ ഗവിയിലേക്കു മടങ്ങും.