വെർച്വൽ ക്യു എണ്ണം വർധിപ്പിക്കുന്നത് 27നു ശേഷം പരിഗണിക്കും: ബോർഡ്
Mail This Article
ശബരിമല ∙ വെർച്വൽ ക്യു വഴി ദർശനത്തിനുള്ള തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത് 27നു നടക്കുന്ന പന്ത്രണ്ട് വിളക്കിനു ശേഷം. സാധാരണയായി വൃശ്ചികം 12നു ശേഷമാണ് മലയാളികൾ കൂടുതലായും മലകയറുന്നതെന്നതിനാൽ അതിനു ശേഷം തീർഥാടകത്തിരക്ക് ഉണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. തിരക്ക് കുറഞ്ഞ വിവരം ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
രാത്രി 8 വരെ ഇന്നലെ 55791 തീർഥാടകർ ദർശനം നടത്തി. അതിൽ 4435 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. വെർച്വൽ ക്യു ബുക്ക് ചെയ്തവരിൽ ദിവസവും 15,000 പേരെങ്കിലും എത്തുന്നില്ല. ഇവർ ബുക്കിങ് റദ്ദാക്കാത്തതിനാൽ മറ്റുള്ളവരുടെ അവസരവും കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സ്പോട് ബുക്കിങ്ങിനെ ചൊല്ലിയുള്ള വിവാദം കാരണം പമ്പയിൽ എത്തിയശേഷം ദർശനത്തിനു പോകാൻ കഴിയുമോ എന്ന ആശങ്കയും തീർഥാടകർക്കുണ്ട്.
കഴിഞ്ഞ 4 ദിവസം ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കുറവായിരുന്നു. പുലർച്ചെ 3 മുതൽ 5.30 വരെ മാത്രമാണ് പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ വരിയുള്ളത്. അതിനു ശേഷം വരുന്നവർക്ക് കാത്തുനിൽക്കാതെ പടികയറി ദർശനത്തിനു പോകാനുള്ള അവസരമുണ്ട്. പൂജാ സമയം നട അടയ്ക്കുമ്പോൾ മാത്രം 5 മിനിറ്റ് സമയത്തേക്ക് തീർഥാടകരെ തടയും. വൈകിട്ട് 3ന് തുറക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് എത്തുന്നവരും വേഗം ദർശനം നടത്തി മലയിറങ്ങുന്നുണ്ട്.
പുല്ലുമേട് പാത: പ്രവേശനം ഒരു മണിവരെ മാത്രം
പുല്ലുമേട് വഴി തീർഥാടകരെ കടത്തിവിടുന്നത് ഒരുമണിക്കൂർ കുറച്ചു. മുൻവർഷങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് തീർഥാടകരെ സത്രത്തിൽനിന്നു പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചിരുന്നത്. ഇപ്പോൾ ഒരുമണി വരെ മാത്രമേ കടത്തി വിടൂ. കാനനപാതയിൽ കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെ വെളിച്ചമില്ലാത്തതിനാൽ തീർഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്. ഇത്രയും ഭാഗം വീതി കുറഞ്ഞ ദുർഘട പാതയാണ്. ഉച്ചയ്ക്ക് ഒന്നിനു ശേഷം സത്രത്തിൽനിന്നു പുറപ്പെടുന്നവർ കഴുതക്കുഴി ആകുമ്പോഴേക്കും കാനന പാതിയിൽ ഇരുൾ വീഴും.