ജീവൻ കയ്യിൽപ്പിടിച്ച് ജോലി ചെയ്യുമ്പോൾ
Mail This Article
തിരുവല്ല ∙ കൃഷി വളരാൻ മഴ വേണം. പക്ഷേ ഒരു മഴ പെയ്താൽ നഗരസഭയിലെ കൃഷിഭവനിലുള്ളവർ ജീവനും കൊണ്ട് ഇറങ്ങിയോടും. ഒരു ഭാഗം തകർന്നു വീണ ബാക്കിഭാഗം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന കെട്ടിടത്തിലാണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വാടക കെട്ടിടത്തിൽ നിന്നുള്ള മോചനവും കാത്ത് ജീവഭയത്തോടെ ജോലി ചെയ്യുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ.
കാവുംഭാഗത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വീടായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് 2 പതിറ്റാണ്ടോളമായി. ഇവിടെ തുടങ്ങിയ കാലം മുതൽ സ്വന്തമായി കെട്ടിടത്തിലേക്കു മാറണമെന്നുള്ള ആവശ്യവും കൂടെയുണ്ട്. പക്ഷേ വാടകയ്ക്കു പോലും സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെയും നഗരസഭയുടെയും പല കെട്ടിടങ്ങൾ വെറുതെ കിടക്കുമ്പോഴും കൃഷിഭവനു മാത്രം അനുയോജ്യമായ കെട്ടിടം കിട്ടാനില്ല.
കൃഷി ഓഫിസർ കൂടാതെ 3 വനിതാ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. 6 മുറികളുള്ള കെട്ടിടത്തിൽ സ്റ്റോർ ആയി ഉപയോഗിച്ചിരുന്നതിന്റെ മേൽക്കൂര മുഴുവൻ തകർന്നു വീണു. ഇവിടെ കുറെ ഭാഗത്ത് ഓടു മാറ്റി ഷീറ്റ് ഇട്ടെങ്കിലും ബാക്കി ഭാഗത്തെ ഓടും പട്ടികകളും താഴെ വീണു മഴ പെയ്താൽ വെള്ളം അകത്തെല്ലാമാകുന്ന സ്ഥിതിയിലാണ്.
മറ്റുള്ള മുറികൾക്കൊന്നും സുരക്ഷിതമായി അടയ്ക്കാവുന്ന വാതിലുകളില്ല. പലപ്പോഴും മുറിക്കുള്ളിൽ പാമ്പുകളും മരപ്പട്ടികളും പൂച്ചകളും വരാറുണ്ട്. കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ചോരുന്ന നിലയിലുമാണ്. ഫയലുകൾ മാത്രമല്ല കർഷകർക്ക് വിതരണത്തിന് എത്തിക്കുന്ന വിത്തുകളും വളവും മറ്റും സൂക്ഷിക്കാൻ പോലും സ്ഥലമില്ല.
കർഷകർക്കു പുറമേ കർഷക പെൻഷൻ, പിഎം കിസാൻ പദ്ധതി തുടങ്ങിയവയിൽ അംഗങ്ങളായിട്ടുള്ളവരും കൃഷിഭവനിൽ എത്താറുണ്ട്. കൂടുതലും പ്രായമായ ആളുകൾ എത്തുന്ന കൃഷിഭവനിൽ തകർന്നു വീഴാറായ കെട്ടിടം എല്ലാവർക്കും ഭീഷണിയാണ്.