കൈപിടിക്കാൻ കൈവരികളില്ല; തകർന്ന കൈവരികൾ പുനരുദ്ധരിക്കാതെ കരാർ കമ്പനി
Mail This Article
റാന്നി ∙ കോന്നി–പ്ലാച്ചേരി പാതയിലെ നടപ്പാതകളിൽ സ്ഥാപിച്ച കൈവരികൾ തകർന്ന നിലയിൽ. പാതയുടെ 5 വർഷത്തെ പരിചരണവും കരാർ കമ്പനിക്കു നൽകിയിട്ടും വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരികൾ പുനരുദ്ധരിച്ചിട്ടില്ല. പാതയുടെ നവീകരണത്തിന്റെ ഭാഗമായി പ്രധാന കവലകളിലും ടൗണുകളിലും ഓടയുടെ നിർമാണം നടത്തിയിരുന്നു. ഓടയ്ക്കു മുകളിൽ ടൈൽ പാകിയാണ് നടപ്പാത നിർമിച്ചത്. കാൽനട യാത്രക്കാർക്കു സുരക്ഷിതമായി നടക്കാൻ നടപ്പാതയുടെ വശങ്ങളിൽ ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് കൈവരികളും നിർമിച്ചിട്ടുണ്ട്.
കരാർ കമ്പനി ഉപകരാർ നൽകിയാണ് കൈവരികൾ സ്ഥാപിച്ചത്. നാശം നേരിടുന്ന കൈവരികൾ പുനർ നിർമിക്കേണ്ട ഉത്തരവാദിത്തം കമ്പനിയുടെതാണെന്ന് കെഎസ്ടിപി അധികൃതർ പറയുന്നു. എന്നാൽ അതു പാലിക്കപ്പെടുന്നില്ല. വാഹനങ്ങൾ ഇടിച്ചു കയറി പലയിടത്തും കൈവരികൾക്കു നാശം നേരിട്ടിട്ടുണ്ട്. വളഞ്ഞും ചെരിഞ്ഞും നിൽക്കുന്ന കൈവരികൾ ഒട്ടേറെയാണ്. കൈവരികൾ ഇളകിപ്പോയ സ്ഥലങ്ങളുമുണ്ട്. ഇതു കൂടുതലും ചെത്തോങ്കര–ബ്ലോക്കുപടി വരെ റാന്നി ടൗണിലാണ്. അവ നന്നാക്കി സ്ഥാപിക്കാൻ നടപടിയുണ്ടാകുന്നില്ല. തുരുമ്പിച്ച കൈവരികൾ പെയ്ന്റ് പൂശി നവീകരിക്കുന്നുമില്ല.
പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത കെഎസ്ടിപി, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ ഇതു ചർച്ചയായിരുന്നു. ഉപ കരാറുകാരാണ് കൈവരികൾ സ്ഥാപിച്ചതെന്നു ചൂണ്ടിക്കാട്ടി ഇതിൽ വ്യക്തമായ നടപടിയെടുക്കാൻ കെഎസ്ടിപി അധികൃതർ തയാറായില്ല.