കാൽനടയായി എത്തിയത് 3,804 ശബരിമല തീർഥാടകർ
Mail This Article
ശബരിമല∙ കാനന പാതകളിലൂടെ കാൽനടയായി എത്തിയത് 3804 തീർഥാടകർ. ഇതിൽ കരിമല വഴി 2632, പുല്ലുമേട് വഴി 1172 പേരുമാണ് എത്തിയത്.എരുമേലി പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി എത്തുന്നതാണ് പ്രധാന കാനന പാത. സത്രത്തിൽ നിന്ന് പുല്ലുമേട് വഴി നേരെ സന്നിധാനത്ത് എത്തുന്നതാണ് രണ്ടാമത്തെ പാത. രണ്ടും കാട് തെളിച്ചാണു തീർഥാടനത്തിനായി തുറന്നു കൊടുത്തത്. തീർഥാടനം തുടങ്ങി 6 ദിവസമായിട്ടും കാനന പാത സജീവമായിട്ടില്ല. കരിമല വഴി ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്.1063 തീർഥാടകർ. 18ന് 781 പേരും എത്തി.മറ്റു ദിവസങ്ങളിൽ 425ൽ താഴെയാണ്. സത്രം വഴി ഏറ്റവും കൂടുതൽ പേർ വന്നത് കാനന പാത തുറന്ന ആദ്യ ദിവസം.16ന് 410 പേർ എത്തി. .മറ്റു ദിവസങ്ങളിൽ കുറവാണ്.
അഴുതക്കടവ്, സത്രം എന്നിവിടങ്ങളിൽ രാവിലെ 7ന് കാനന പാത തുറക്കും. അഴുതക്കടവിൽ നിന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെയും സത്രത്തിൽ നിന്നു രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണു തീർഥാടകരെ കടത്തി വിടുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതെ തീർഥാടകർക്ക് സുരക്ഷ ഒരുക്കി ആദ്യസംഘത്തിനു മുൻപിലായി വനപാലകരും നീങ്ങും. വഴിയിൽ വന്യമൃഗങ്ങൾ ഉണ്ടോ എന്നു നിരീക്ഷിച്ചാണ് ഇവർ പോകുന്നത്.
വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ സന്ധ്യയ്ക്കു മുൻപ് സുരക്ഷിത കേന്ദ്രങ്ങളിൽ എത്താൻ കഴിയുന്ന വിധത്തിലാണ് തീർഥാടകരെ അഴുതക്കടവിൽ നിന്നു കടത്തിവിടുന്നത്. തീർഥാടകരുടെ സുരക്ഷയ്ക്കായി വനം വകുപ്പ് പ്രത്യേക ഒരുക്കങ്ങളാണ് നടത്തിയത്. ഒരു എസിഎഫിന്റെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തും ഓരോ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് സത്രം, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ തുറന്നു. കാനന പാതയിൽ ഇറങ്ങുന്ന ആനകളെ ഓടിക്കുന്നതിനും തീർഥാടകർക്കു ഭീഷണിയായ പാമ്പിനെ പിടിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചു.