പരിചരണമില്ല; ഉദ്യാനത്തിൽ വളരുന്നത് വൈവിധ്യമേറിയ കാട്!
Mail This Article
കോഴഞ്ചേരി∙ ജൈവവൈവിധ്യ ബോർഡുമായി ചേർന്നു പഞ്ചായത്ത് നിർമിച്ച ജൈവ വൈവിധ്യ ഉദ്യാനം കാടുകയറി നശിക്കുന്നു. തെക്കേമല റോഡിൽ സ്റ്റേഡിയത്തിന് എതിർവശം തണുങ്ങാട്ടിൽ പാലത്തിനോടു ചേർന്ന് 2022ൽ നിർമിച്ച ഉദ്യാനത്തിനാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. ഉദ്യാനത്തിൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടെന്നാണ് അറിയുന്നത്. പ്രദേശത്തു നിരന്തരമായി മാലിന്യം തള്ളുന്നതു ശ്രദ്ധയിൽപെട്ട അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് പാറോലിലാണ് ഇങ്ങനെ ഒരു ആശയം കമ്മിറ്റിക്കു മുൻപാകെ സമർപ്പിച്ചത്. തുടർന്നു ജില്ലാ പഞ്ചായത്തും ജൈവവൈവിധ്യ ബോർഡും പഞ്ചായത്തും ചേർന്നുള്ള പദ്ധതിയിൽ പാർക്കും സന്ദർശകർക്കു വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും കുട്ടികൾക്കു കളിക്കാനുള്ള സൗകര്യവും ഒരുക്കാനാണു പദ്ധതിയിട്ടത്.
അതനുസരിച്ച് ഇരിപ്പിടങ്ങൾ ഒരുക്കുകയും ഒട്ടേറെ ഔഷധ സസ്യങ്ങൾ നട്ടു വളർത്തുകയും ചെയ്തു. സന്ദർശകർക്കു സസ്യങ്ങളെ തിരിച്ചറിയുന്നതിനായി അവയുടെ പേരും ശാസ്ത്രീയനാമവും എഴുതി വയ്ക്കുകയും ചെയ്തു. പൂച്ചെടികൾ നട്ടുപിടിപ്പിച്ചതോടെ ഈ ഭാഗത്തുള്ള മാലിന്യം വലിച്ചെറിയലും അവസാനിച്ചതാണ് ഏറ്റവും വലിയ കാര്യമായത്.
മുൻപ് കൃത്യമായി പാർക്ക് വൃത്തിയാക്കുകയും പുല്ല് വളരുന്നതു നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറെക്കാലമായി ഈ പ്രവൃത്തികൾ നടക്കാത്തതിനാൽ പ്രദേശം മുഴുവൻ കാടുകയറിയ നിലയിലാണ്. ഔഷധ സസ്യങ്ങളിൽ പലതും പുല്ലിനിടയിൽ പെട്ടു വളർച്ച മുരടിച്ച അവസ്ഥയിലാണ്. മറ്റു ചിലതു പൂർണമായും നശിച്ചു പേര് എഴുതിയ ബോർഡ് മാത്രം ബാക്കിയായി നിൽക്കുന്നു.