പഴമ വിളിച്ചോതി തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം
Mail This Article
തെള്ളിയൂർ∙ സാംസ്കാരിക, കാർഷിക സമൃദ്ധിയുടെ സ്മരണകൾ പുത്തൻ തലമുറയ്ക്കു പകരുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളയിലെ കാർഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും അപൂർവ ശേഖരം ആകർഷകമാകുന്നു. ഇരുമ്പ്, ഉരുക്ക് എന്നിവയിൽ നിർമിച്ച പണിയായുധങ്ങളും തൂമ്പാ, മഴു, കോടാലി തുടങ്ങിയവയ്ക്കുള്ള കൈകളും വിൽപനയ്ക്കുണ്ട്. പ്രധാനമായും പൂവരശ്, കടമരം, പന തുടങ്ങിയ മരങ്ങളിൽ നിർമിച്ചിട്ടുള്ളതാണു വിൽപനയ്ക്കെത്തിയ പിടികൾ.
തടിയിൽ നിർമിച്ച ഉലക്കകളും മേളയിലെ സവിശേഷതയാണ്. പറ, നാഴി, ചങ്ങഴി, തൈര് ഉടയ്ക്കുന്ന മത്ത് എന്നിവയും പിച്ചാത്തി, വെട്ടുകത്തി, ചിരവ എന്നിവയുടെയും വിപുലമായ ശേഖരമാണുള്ളത്.പ്രൗഢിയും പഴമയും പാരമ്പര്യവും വിളിച്ചോതുന്ന പറയും വിവിധയിനം അച്ചാറുകളും ഉപ്പിലിട്ട നാടൻ വിഭവങ്ങളും ലഭ്യമാണ്. വൃശ്ചികവാണിഭത്തിലെ പ്രധാന വിൽപനയിനമായ ഉണക്കസ്രാവിനും ആവശ്യക്കാരേറെയാണ്.