ADVERTISEMENT

കല്ലൂപ്പാറ ∙ ഇരവിപേരൂർ, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രയാറ്റുകടവ് നീർപ്പാലത്തോടു ചേർന്നു മണിമലയാറിന്റെ തീരം ഇടിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചില്ല. പാലവും സമീപനപാതയും നിലനിൽപ്പ് ഭീഷണിയിൽ. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ 40 മീറ്ററിലേറെ ദൂരത്തിൽ 6 മീറ്ററോളം കര,നദി കവർന്നിരുന്നു. നദീതീരത്തു നിന്നിരുന്ന മുളങ്കൂട്ടങ്ങളും വഴനമരവും തെങ്ങും അന്ന് കടപുഴകി വീണിരുന്നു. 2023 ജൂലൈയിലെ പ്രളയത്തിലും കരയുടെ ഭാഗങ്ങൾ ഇടിഞ്ഞിരുന്നു. കല്ലൂപ്പാറ പഞ്ചായത്ത് കരയോടു ചേർന്നുള്ള ഭാഗത്താണ് തീരമിടിഞ്ഞു കിടക്കുന്നത്. 

കല്ലൂപ്പാറ, ഇരവിപേരൂർ പഞ്ചായത്തുകളിൽ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച നീർപ്പാലം പണികൾ പൂർത്തിയായില്ലെങ്കിലും ചെറുകിട വാഹനങ്ങൾ മണിമലയാർ അക്കരയിക്കരെ കടക്കുന്നതിന് സഹായകരമാണ്. മല്ലപ്പള്ളി മടുക്കോലി–ഞാലിക്കണ്ടം, ഇരവിപേരൂർ–വെണ്ണിക്കുളം, തിരുവല്ല-കുമ്പഴ എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണ് പോകുന്നത്.

കല്ലൂപ്പാറയിലെയും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പമാർഗത്തിൽ എത്താമെന്നതിനാൽ പ്രാധാന്യമേറെയാണ്. 2023 ജനുവരിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പാലം സന്ദർശിച്ചിരുന്നു. തീരമിടിച്ചിൽമൂലം പാലത്തിന്റെ സമീപനപാതയ്ക്ക് ഭീഷണിയാകുമെന്നതിനാൽ നിർമാണപ്രവൃത്തികൾ നടത്തുന്നതിനാവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. 

എന്നാൽ, വർഷം ഒന്നു കഴിഞ്ഞിട്ടും പ്രവൃത്തികളൊന്നും നടന്നിട്ടില്ല. വളർന്നു പന്തലിച്ച് നദിയിലേക്കു ചാഞ്ഞുകിടക്കുന്ന മുളങ്കൂട്ടങ്ങൾ യഥാസമയം വെട്ടിമാറ്റാത്തതും തീരമിടിച്ചിൽ വ്യാപിക്കുന്നതിനും കാരണമെന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാലത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കുന്നതിനും സമീപനപാത ഇല്ലാതാകുന്നതിനും മുൻപ് നദീതീരം സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The Prayattukadavu low-level bridge connecting Eraviperoor and Kallooppara panchayats in Kerala faces imminent danger due to an unrepaired collapsed river bank. Despite the passage of years, a retaining wall has not been constructed, leaving the bridge and adjacent road vulnerable to further erosion and posing a significant safety hazard.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com