അരലക്ഷം മുടക്കി നവീകരിച്ചത് പൂട്ടിയിടാനോ ?
Mail This Article
പന്തളം ∙ ശുചിത്വ മിഷൻ ഫണ്ടിൽ നിന്നു 49,500 രൂപ ചെലവഴിച്ചു അടുത്തയിടെ നവീകരിച്ച, കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ശുചിമുറി കോംപ്ലക്സ് തുറന്നുനൽകാതെ നഗരസഭാ അധികൃതർ. മണ്ഡലകാലം തുടങ്ങി തീർഥാടകരെത്തി തുടങ്ങിയിട്ടും തുറക്കാൻ നടപടിയില്ല. അത്യാവശ്യഘട്ടങ്ങളിൽ സ്റ്റാൻഡിൽ ജീവനക്കാർക്കായുള്ള ശുചിമുറി കെഎസ്ആർടിസി അധികൃതർ തുറന്നുനൽകുന്നതാണ് ഏക ആശ്വാസം. 2009ൽ പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിച്ചതാണ് ഇത്.
15 വർഷക്കാലയളവിനുള്ളിൽ ഇത് തുറന്നിട്ടുള്ളത് ചുരുക്കം സമയങ്ങളിൽ മാത്രം. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ സ്റ്റാൻഡിലെത്താറുണ്ട്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമാണ് അധികൃതരുടെ അലംഭാവം മൂലം അടച്ചിട്ടിരിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ് കെഎസ്ആർടിസിക്ക് സമീപത്തേക്ക് മാറ്റാൻ നഗരസഭ പദ്ധതിയിട്ടിരുന്നു. ഇതിന്റെ നിർമാണജോലികളും പകുതി ഘട്ടം പിന്നിട്ടു.
ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കരാറുകാരൻ ലേലത്തിനെടുത്തത്. എന്നാൽ, സ്റ്റാൻഡ് മാറ്റം എങ്ങുമെത്തിയില്ല. പ്രതീക്ഷിച്ചത്ര തിരക്കില്ലാത്തതാണ് കരാറുകാരനെ പിന്തിരിപ്പിച്ചതെന്നാണ് അനുമാനം. പമ്പ സർവീസിനെ ആശ്രയിക്കുന്ന തീർഥാടകരും വന്നുതുടങ്ങിയിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്ന് യുഡിഎഫ് കൗൺസിലർ കെ.ആർ.വിജയകുമാർ പറഞ്ഞു.