അന്നും ഇന്നും തിരക്കൊഴിയാതെ തെള്ളിയൂർ വൃശ്ചികവാണിഭം
Mail This Article
തെള്ളിയൂർ∙ തിരക്കിലമർന്ന് തെള്ളിയൂർക്കാവ്. ക്ഷേത്ര പരിസരത്ത് കാഴ്ചയായി എത്തുന്ന ഉൽപന്നങ്ങളുടെ ക്രയവിക്രയത്തിൽ നിന്നാണു തെള്ളിയൂർക്കാവിലെ വാണിഭത്തിന്റെ ഉൽപത്തി. ഉൽപന്നങ്ങൾ കൊണ്ടുവരികയും പകരം അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടു പോവുകയും ചെയ്യുന്ന ബാർട്ടർ സമ്പ്രദായമാണുണ്ടായിരുന്നത്.
നാണയങ്ങൾ പ്രചരിച്ചതോടെ വാണിഭം കൂടുതൽ സജീവമായി. ഉൽപന്നങ്ങളുടെ വൈവിധ്യവും വർധിച്ചു. ദൂരെ ദിക്കിൽ നിന്നും വ്യാപാരികൾ എത്തിത്തുടങ്ങിയതോടെ വാണിഭത്തിന്റെ രൂപഭാവങ്ങളിൽ ആധുനികതയുടെ മുഖമുദ്ര തെളിഞ്ഞു.അനുഷ്ഠാന തലത്തിലുള്ള പശ്ചാത്തലം തെള്ളിയൂർ വാണിഭം വ്യത്യസ്തമാകുന്നു. സമാനമായി പല വ്യാപാര മേളകളുണ്ടെങ്കിലും പലതിനും കാലാനുഗതമായി പുരോഗമിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല പല മേളകളും അപ്രത്യക്ഷമായി.
എന്നാൽ തെള്ളിയൂർക്കാവ് വൃശ്ചിക നാൾക്കുനാൾ വളരുകയാണുണ്ടായത്. നാനാജാതി മതസ്ഥരായ പതിനായിരക്കണക്കിന് ആളുകൾ ഈ മേളയിൽ പങ്കെടുക്കുന്നതിനും ഭഗവതി ക്ഷേത്ര ദർശനത്തിനുമായി തെള്ളിയൂരിൽ എത്തിച്ചേരുക പതിവാണ്. നിശ്ചിതമായ പ്രതിമാസ വരുമാനം ഇല്ലാത്തവരും ഈ സമയത്തേക്കായി പണം മാറ്റി വച്ചിരിക്കും. വിദൂര ദിക്കുകളിൽ നിന്നു പോലും മുടങ്ങാതെ മേളയ്ക്ക് എത്തുന്നവരുണ്ട്. ഭക്തിയും ചരിത്രവും സംസ്കാരവും സമ്മേളിക്കുന്ന തെള്ളിയൂർക്കാവ് വാണിഭം ഒരു കൂട്ടായ്മയുടെ നിർവൃതിയും ഉത്സവത്തിന്റെ ആഹ്ലാദവും സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.