ഒറ്റപ്പെട്ടു പോയോ? കാവലുണ്ട് അനൗൺസ്മെന്റ് സംവിധാനം
Mail This Article
ശബരിമല∙ സന്നിധാനത്ത് തിരക്കിനിടയിൽപെട്ട് കാണാതാകുകയോ ഒറ്റപ്പെട്ടു പോകുകയോ ചെയ്യുന്നവർക്ക് കാവലാളായി നടപ്പന്തലിനു സമീപത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്മെന്റ് സംവിധാനം. ഈ തീർഥാടന കാലത്ത് ഇതുവരെ 260ഓളം പേരെ ഇതുപയോഗിച്ച് കണ്ടെത്തി. പൊലീസിൽ റിപ്പോർട്ട് ചെയ്യുന്ന ഇത്തരം കേസുകളിൽ അടിയന്തരമായി അനൗൺസ്മെന്റ് നടത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. കാണാതാകുന്നവരുടെ ഭാഷയിൽ തന്നെയാണ് അനൗൺസ്മെന്റ്. സന്നിധാനം മുതൽ പമ്പ വരെ കേൾക്കുന്നതിന് ഉള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണ് അനൗൺസ്മെന്റ്. 25 വർഷമായി വിവിധ ഭാഷകളിൽ ഇവിടെ അനൗൺസ്മെന്റ് നടത്തുന്ന കർണാടക ചിക്കമഗളൂരു സ്വദേശി കുമാർ ഉൾപ്പെടെ നാല് അനൗൺസർമാരാണ് ഉള്ളത്. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്ത് കുടുംബം കർണാടകയിലായിരുന്നു. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലിഷും ഹിന്ദിയും സ്കൂളിൽ നിന്ന് പഠിച്ചു.
മറ്റ് ഭാഷകൾ തീർഥാടകരോടുള്ള സമ്പർക്കത്തിലൂടെയാണ് പഠിച്ചതെന്ന് എം.എം.കുമാർ പറഞ്ഞു. 1999ൽ സന്നിധാനത്ത് വന്നപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിന് ചുമതല ലഭിക്കുന്നതും മകരവിളക്ക് കഴിഞ്ഞ് ചിക്കമഗളൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാർഥിനികളായ രണ്ട് പെൺമക്കളുമുണ്ട്. എം.എം.കുമാറിനു പുറമേ കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലൻ, തമിഴ്നാട് സ്വദേശികളായ ബാലഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗൺസ്മെന്റ് കേന്ദ്രത്തിലുണ്ട്.
പമ്പയിലും കാണാതാകുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ സംവിധാനമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ലിക് റിലേഷൻസ് ഓഫിസർ ജി.എസ്.അരുണാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നട തുറക്കുമ്പോൾ ഉള്ള അയ്യപ്പ സുപ്രഭാതം മുതൽ രാത്രിയിലെ ഹരിവരാസനം വരെ കേൾപ്പിക്കുന്നതിനുള്ള സംവിധാനം ഇവിടെ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തു എത്തുന്ന തീർഥാടകർക്കുള്ള ദേവസ്വം ബോർഡിന്റെ അറിയിപ്പുകളും നിർദേശങ്ങളും നൽകുന്നുണ്ട്.