തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി
Mail This Article
റാന്നി ∙ മണ്ഡല ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും തുടങ്ങി. വൃശ്ചികം 1 മുതൽ ധനു 11 വരെ 41 ദിവസം നീണ്ടു നിൽക്കുന്നതാണ് കളമെഴുത്തും പാട്ടും. ക്ഷേത്രത്തിലെ പാട്ടടിയന്തര അവകാശികളാണ് കളമെഴുത്ത് വഴിപാടായി നടത്തുന്നത്. മണ്ഡലക്കാലത്തിനു പുറമേ ധനു, മകരം മാസങ്ങളിലെ ഭരണി നാളിലും കളമെഴുത്ത് നടത്താറുണ്ട്. ഭദ്രകാളി ദേവിയുടെ രൂപമാണ് വരയ്ക്കുന്നത്. പഞ്ചവർണ പൊടികളാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്.
അരി, മഞ്ഞൾ, വാകയില (പച്ച) എന്നീ പൊടികളും ഉമിക്കരിയും മഞ്ഞളും ചുണ്ണാമ്പും ചേർന്ന പൊടിയുമാണിത് (ചുവപ്പ്). 4 കൈകളോടു കൂടിയ ഭദ്രകാളി രൂപമാണ് കളത്തിൽ വരയ്ക്കുക. വാൾ, ശൂലം, ദാരിക ശിരസ്സ്, പാനപാത്രം എന്നിവ രൂപത്തിന്റെ കൈകളിൽ ഉണ്ടാകും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചപ്പാട്ട് നടത്തിയാണു കളം കുറിക്കുന്നത്. കുരുത്തോല, പൂക്കുല, പഴം, വെറ്റില, അടയ്ക്ക, തേങ്ങ പൂൾ, ആലില, മാവില എന്നിവകൊണ്ട് കളം അലങ്കരിക്കും. വാളും ചിലമ്പുംവച്ച് പീഠവും അലങ്കരിക്കും. കളമെഴുതിയതിനു ശേഷം നിലവിളക്ക്, നെയ്യ്, അരി, നാളീകേരം എന്നിവ ഒരുക്കും.
ദീപാരാധനയ്ക്കു ശേഷം സന്ധ്യകൊട്ടു നടത്തി അത്താഴപൂജ നടക്കും. തുടർന്ന് തിരുനടയിലേക്ക് എതിരേൽപ് നടക്കും. പിന്നീട് മേൽശാന്തി അജിത്കുമാർ പോറ്റി ദേവീ ചൈതന്യം കളത്തിലേക്ക് ആവാഹിച്ചു പൂജ നടത്തും. ദേവിയുടെ കേശാദിപാദം ഈണത്തിൽ സ്തുതിച്ച് ശേഷം പൂക്കുല ഉപയോഗിച്ച് കളം മായ്ക്കും. കളമെഴുതാനുപയോഗിച്ച ധൂളി ഭക്തർക്കു പ്രസാദമായി നൽകും. തൃക്കാരിയൂർ മനോജാണ് ഇപ്പോൾ കളം വരയ്ക്കുന്നത്. മുൻകാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി പെരുമ്പുഴ കുന്നയ്ക്കാട്ട് പരേതനായ കേശവക്കുറുപ്പ് ദീർഘകാലം തോട്ടമൺകാവിലും കളമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് ആചാരം സംരക്ഷിക്കുന്നത്.