ഓടയ്ക്ക് കേടുപാട്; നാട്ടുകാർക്ക് കഷ്ടപ്പാട്
Mail This Article
മല്ലപ്പള്ളി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിലെ തകർച്ച കാരണം ബസുകൾ കയറിയിറങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി.3 മാസം മുൻപ് ഓടയ്ക്കു കേടുപാടുകൾ സംഭവിച്ചപ്പോൾ താൽക്കാലികമായ പണികൾ നടത്തിയെങ്കിലും ശോച്യാവസ്ഥയ്ക്കു പൂർണമായ പരിഹാരമായില്ല. ഓടയുടെ വശത്തെ സംരക്ഷണഭിത്തിക്കു ക്ഷതം സംഭവിച്ചതുമൂലം സ്‌ലാബ് താഴ്ന്നതാണ് അന്ന് പ്രശ്നമായത്. അധികൃതർ ഓടയ്ക്കുള്ളിൽ കരിങ്കല്ല് നിരത്തിയാണ് സ്‌ലാബ് പുനഃസ്ഥാപിച്ചത്. ഇപ്പോൾ വീണ്ടും സ്‌ലാബ് താഴ്ന്നിട്ടുണ്ട്.
കുറേയിടങ്ങളിൽ പൂട്ടുകട്ട നിരത്തിയതും ഇളകിമാറിയിട്ടുണ്ട്. ബസിൽ കയറാനെത്തുന്ന കാൽനടക്കാരായ യാത്രക്കാർ ഇളകിക്കിടക്കുന്ന കട്ടകളിൽ ചവിട്ടി അപകടം സംഭവിക്കുന്നതിന് ഇടയാകാം. താറുമാറായിക്കിടക്കുന്ന പ്രവേശനകവാടം നന്നാക്കാൻ നടപടിയില്ലാത്തതിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. താലൂക്ക് ആസ്ഥാനത്തെ പ്രധാന ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടം തകർച്ചയിലായിട്ടു മാസങ്ങൾ പലതു കഴിഞ്ഞു.
ഇളകിക്കിടക്കുന്ന സ്‌ലാബിന് മുകളിൽകൂടി ബസുകൾ കയറുമ്പോൾ തകർച്ച സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താൽ ഇതൊഴിവാക്കിയാണ് സ്റ്റാൻഡിനുള്ളിലേക്കു ബസുകൾ കയറുന്നതും പുറത്തേക്കു പോകുന്നതും. ഇതു പലപ്പോഴും എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്കു ദുരിതമാകുന്നുണ്ട്. ആനിക്കാട് റോഡിലെ ടാറിങ്ങിനേക്കാളും താഴ്ന്നാണ് ഓട സ്ഥിതിചെയ്യുന്നത്. കൂടുതൽ ഭാഗങ്ങളിൽ തകർച്ച സംഭവിക്കുന്നതിന് മുൻപ് ഓട പുനർനിർമിക്കാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.